To advertise here,

മലപ്പുറം: കാഴ്ചപരിമിതിയുള്ള മജീദ് മാഷിന്റെ വെളിച്ചമായിരുന്നു ഭാര്യ റുഖിയ. മജീദ് മാഷിന് തുണയായി എപ്പോഴും റുഖിയയും ഒപ്പമുണ്ടായിരുന്നു. ജീവിതയാത്രയിൽ ഒരുമിച്ചുണ്ടായിരുന്ന മജീദ് മാഷിന്റെയും റുഖിയയുടെ അന്ത്യയാത്രയും ഒടുവിൽ ഒരുമിച്ചായി.

കഴിഞ്ഞദിവസം വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിലാണ് പാങ്ങ് ജിഎൽപി സ്‌കൂളിലെ അഞ്ച് അധ്യാപകരടക്കം ഒൻപതുപേർ മരിച്ചത്. അപകടത്തിൽ മരിച്ച അധ്യാപകനായ കറുമത്തൊടി മജീദ്(43) കാഴ്ചപരിമിതിയുള്ള വ്യക്തിയായിരുന്നു. അതിനാൽത്തന്നെ സ്‌കൂൾ ജീവനക്കാർക്കൊപ്പമുള്ള ഉല്ലാസയാത്രയിൽ തുണയ്ക്കായി അദ്ദേഹം ഭാര്യ റുഖിയ(39)യെയും കൂടെകൂട്ടിയിരുന്നു.

90 ശതമാനത്തോളം കാഴ്ചയില്ലെങ്കിലും മജീദ് മാഷ് സ്‌കൂളിലെ എല്ലാകാര്യങ്ങൾക്കും മുൻനിരയിലുണ്ടായിരുന്നതായാണ് നാട്ടുകാരും സമീപവാസികളും പറയുന്നത്. ഇക്കഴിഞ്ഞ പെരുന്നാളിന് അടുത്ത ദിവസമാണ് മജീദ് മാഷിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശം നടന്നത്. മക്കളില്ലാത്ത മജീദ് മാഷും റുഖിയയും മരണപ്പെട്ടതോടെ പുതുമോടി മാറാത്ത ആ വീട്ടിലും കണ്ണീർമാത്രമാണ് ബാക്കി. 

മജീദ് മാഷിനെ കാണുമ്പോഴെല്ലാം ഒപ്പം കൈപിടിച്ച് ഭാര്യയും ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാരെല്ലാം പറയുന്നത്. മക്കളില്ലാത്ത ദമ്പതിമാർക്ക് സ്‌കൂളിലെ ഓരോ കുട്ടികളും സ്വന്തം മക്കളെപ്പോലെയായിരുന്നു. മജീദ് മാഷ് സ്‌കൂളിലെത്തിയാൽ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകാനും മറ്റുസഹായത്തിനും കുട്ടികൾതന്നെ ഓടിവരാറുള്ളതാണെന്നും നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് സെക്രട്ടറി കൂടിയായിരുന്നു മജീദ് മാഷ്. മാഷിന്റെ സഹോദരങ്ങളിൽ രണ്ടുപേർക്കും കാഴ്ചപരിമിതിയുണ്ട്. മജീദ് മാഷിന്റെയും റുഖിയയുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനുശേഷം മാട്ടത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.