കൊച്ചി: "ജീവനോടെ ആ ബസിൽ നിന്ന് ‌പുറത്ത് വരാനാകുമെന്ന് കരുതിയതല്ല, പാലത്തിന്റെ നടുക്കുവെച്ചാണ് വണ്ടിയുടെ ബ്രേക്ക് പോയിരുന്നതെങ്കിൽ അത് വൻദുരന്തമായി മാറിയേനെ"- കഴിഞ്ഞ ദിവസം വല്ലാർപാടം പാലത്തിൽ നടന്ന ബസപകടത്തിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുമ്പോൾ ബസിലെ യാത്രക്കാരിയായിരുന്ന സജിതയ്ക്ക് ഭയം വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. വൈപ്പിൻ സ്വദേശിയായ സജിതയ്ക്ക് അപകടത്തിൽ  കാലിനും ദേഹത്തും ചതവ് സംഭവിച്ചു. തിങ്കളാഴ്ച വൈകീട്ട് നടന്ന അപകടത്തിന്റെ നടുക്കുന്ന ഡാഷ് ക്യാം ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വല്ലാർപാടം പാലത്തിൽ വച്ച് ടയർ പൊട്ടിയതിന് പിന്നാലെ ബ്രേക്ക് നഷ്‍ടമായ ബസ് മുന്നിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിൽ ഇടിച്ച ശേഷം കണ്ടെയ്നറിന്റെ പുറകിലിടിച്ചാണ് നിർത്താൻ സാധിച്ചത്. ബ്രേക്ക് പോയെന്ന് ഡ്രൈവർ അലറിവിളിക്കുന്നതും യാത്രക്കാർ അലറിക്കരയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.

To advertise here,

അപകടത്തെക്കുറിച്ച് സജിത പറയുന്നത് ഇങ്ങനെ.. "ഹൈക്കോടതിയിൽ നിന്ന് ആറേകാലോടെയാണ് ബസ് എടുത്തത്. ഓവർ സ്പീഡ് ഒന്നും ആയിരുന്നില്ല.വൈകുന്നേരം ആയതുകൊണ്ടും ലൈറ്റ് ഹൗസ് വണ്ടി ആയിരുന്നതുകൊണ്ടും സ്ഥിരം യാത്രക്കാർ ഉൾപ്പടെ നിറയെ ആളുകൾ ബസിലുണ്ടായിരുന്നു. വല്ലാർപാടം പാലത്തിലും നല്ല തിരക്കായിരുന്നു. രോഗിയുമായി പോയ ആംബുലൻസ് അടക്കം അത്യാവശ്യത്തിന് വണ്ടികളുണ്ടായിരുന്നു. പാലത്തിന്റെ നടുക്ക് എത്തിയപ്പോഴേക്കും ബസിന്റെ ടയർ വലിയ ശബ്ദത്തോടെ പൊട്ടി. പിന്നെ താഴോട്ട് ഇറക്കമാണ്. എങ്ങനെയെങ്കിലും വണ്ടി വല്ലാർപാടം ജംഗ്ഷനിലേക്ക് എത്തിക്കാൻ കണ്ടക്ടറാണ് ഡ്രൈവറോട് പറയുന്നത്. കൊണ്ടുപോവാൻ പറ്റുമെന്ന് തോന്നുന്നില്ല എന്ന് ഡ്രൈവർ പറഞ്ഞതും പിന്നാലെ ബ്രേക്ക് പോയെന്ന് അലറുന്നതും കേട്ടു. ബസ് നേരേ പോയിടിക്കുന്നത് ആംബുലൻസിലാണ് പിന്നാലെ ഒരു സ്കൂട്ടറിലും ഇടിച്ചു. അവർ സൈഡിലേക്ക് വീണതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. അല്ലെങ്കിൽ ബസ് അവരുടെ ദേഹത്തൂടെ കയറിയിറങ്ങിയേനേ. പിന്നാലെ ഓട്ടോയിലും തട്ടിയ ബസ് മുന്നിലുണ്ടായിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചാണ് നിർത്താനായത്. 

ആ ഇടിയിൽ ഡ്രൈവറുടെ ബോധം പോയി. അയാൾ സ്റ്റിയറിങ്ങിന് മുകളിലേക്ക് മറിഞ്ഞു. സൈഡ് സീറ്റിലുണ്ടായിരുന്ന മുന്നിലിരുന്ന യാത്രക്കാർക്ക് ചില്ല് കൊണ്ട് പരിക്കേറ്റു. ആദ്യത്തെ ഇടിയിൽ തന്നെ ബസിനുള്ളിൽ ഇരിക്കുന്ന യാത്രക്കാരുടെ തല പോയി സീറ്റിന്റെ കമ്പിയിലിടിച്ചിരുന്നു. ഒപ്പം പിന്നിലുണ്ടായിരുന്നവരെല്ലാം മുന്നിലേക്ക് ആഞ്ഞുവന്ന് പലരും കമ്പികൾക്ക് മേലേ ജാം ആയി. കണ്ടക്ടറുടെ കാൽ കമ്പിക്കിടയിൽ കുടുങ്ങി അയാൾക്കും അനങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. കണ്ടെയ്നറിൽ ഇടിച്ചിട്ടും വണ്ടി നിന്നിരുന്നില്ല, പുറകിലേക്ക് നീങ്ങുന്നുണ്ടായിരുന്നു മാത്രമല്ല മുന്നിലെ ഓട്ടോമാറ്റിക് ഡോറും ലോക്കായി തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ആളുകൾ ഓടിക്കൂടി പുറകിലെ വാതിൽ തുറന്നാണ് യാത്രക്കാരെ പുറത്തിറക്കിയത്. ഡോർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുക്കുന്നത്.

അപകടം ഒഴിവാക്കാൻ ഡ്രൈവർ മാക്സിമം ശ്രമിച്ചു. പാലത്തിന്റെ മീതെ വെച്ചുതന്നെ ബ്രേക്ക് പോയിരുന്നെങ്കിൽ വണ്ടി കൈവരിയും തകർത്ത് താഴെ വീണേനെ. എങ്കിലത് വലിയ ദുരന്തമായി മാറുമായിരുന്നു. ആർക്കും ജീവന് അപായം സംഭവിക്കാതിരുന്നത് മഹാഭാഗ്യമാണ്. കണ്ടെയ്നർ അവിടെ ഉണ്ടായിരുന്നതാണ് രക്ഷയായത്. വണ്ടിയിൽ നിന്ന് ജീവനോടെ പുറത്തു വരാനാകുമെന്ന് ചിന്തിച്ചില്ല സത്യത്തിൽ. ഇപ്പോഴും ആ പെടപ്പ് നിന്നിട്ടില്ല"- സജിത പറയുന്നു

തിങ്കളാഴ്ച്ച വൈകീട്ടോടെ ഹൈക്കോടതി കവലയിൽനിന്ന് പുതുവൈപ്പ് ലൈറ്റ് ഹൗസ് വഴി മാലിപ്പുറം ചാപ്പ കടപ്പുറത്തേക്ക് പുറപ്പെട്ട 'ചീനിക്കാസ്' എന്ന ബസാണ് അപകടത്തിൽ പെട്ടത്. ഗോശ്രീ രണ്ടാം പാലം ഇറങ്ങുമ്പോഴായിരുന്നു അപകടം. ഇരുപതിലധികം യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.  അപകടത്തിൽ പെട്ട ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും അഗ്നിരക്ഷാസേനയെത്തി വാഹനത്തിനു പുറത്തെടുക്കുക യായിരുന്നു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബസ് ഡ്രൈവറുടെ ഇരുകാലുകൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.