വാഗമൺ: വിനോദസഞ്ചാരകേന്ദ്രമായ വരാട്ടുമേട്ടിൽ വ്യക്തി കൈയേറിയ 10 ഏക്കർ സ്ഥലം റവന്യൂസംഘം തിരിച്ചുപിടിച്ചു. ഭൂമിയിൽ അനധികൃതമായി നിർമിച്ച ഹോംസ്റ്റേ കെട്ടിടവും കഫറ്റേരിയയും ഇരുമ്പുവേലികളും കരിങ്കൽക്കെട്ടും പൊളിച്ചുനീക്കി. പടുതാക്കുളവും തകർത്തു. വരാട്ടുമേട് സ്വദേശി പ്രദീപ് കൈയേറിയ ഭൂമിയാണ് തിരികെപ്പിടിച്ചത്.

To advertise here,

പീരുമേട് തഹസിൽദാർ ജോജോ വി. സെബാസ്റ്റ്യൻ, എൽ.എ. തഹസിൽദാർ ആർ. ഹരീന്ദ്രനാഥ്‌, വാഗമൺ വില്ലേജ് ഓഫീസർ പി.ബി. ഗോപികൃഷ്ണൻ, ഏലപ്പാറ വില്ലേജ് ഓഫീസർ വിജയകുമാർ താലൂക്ക് ഓഫീസർമാരായ ആർ. പ്രദീപ്, എ. നജീബ്, സിദ്ദിഖ്, ദ്രുതകർമസേനാംഗം എസ്. രാജ്കുമാർ, ഭൂസംരക്ഷണസേനാംഗം ശശികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.

പ്രകാശ് രാജിന്റെ ഭൂമിയിലും പിടിവീഴുമോ?

ഇവിടെ, നടൻ പ്രകാശ് രാജിനും കുറച്ച് പട്ടയഭൂമിയുണ്ട്. എന്നാൽ, ഇതിനോടുചേർന്നും കുറച്ച് ഭൂമിക്ക് പട്ടയമില്ലെന്നാണ് പീരുമേട് തഹസിൽദാർ പറയുന്നത്. ഇത് പ്രകാശ് രാജിന്റെ സാന്നിധ്യത്തിൽ അളന്നുതിട്ടപ്പെടുത്താനായി നോട്ടീസ് കൊടുത്തിട്ടുണ്ട്. അദ്ദേഹം നോട്ടീസ് കൈപ്പറ്റിയിട്ടില്ല. പ്രകാശ് രാജിന്റെ ഫോൺ നമ്പർ സ്വിച്ചോഫ് ആണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പട്ടയത്തിന്റെ മറവിൽ വൻകൈയേറ്റം

ദുരൈരാജ് മുത്തശ്ശി സുബ്ബയ്യ എന്നിവരുടെ പേരിൽ വരാട്ടുമേട്ടിൽ രണ്ടരയേക്കർ പട്ടയഭൂമിയുണ്ട്. ഇതിനോടുചേർന്നുള്ള സ്ഥലം കൈയേറുകയായിരുന്നു. ഇവിടെ കൃഷിയും ചെയ്തിട്ടുണ്ട്.