ഇടുക്കി: ചിന്നക്കനാലില്‍ കയ്യേറ്റ ഭൂമിക്ക് 20 വര്‍ഷത്തേക്ക് ഏലക്കുത്തക പാട്ടക്കരാര്‍ നല്‍കിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. കുമളി അസിസ്ന്റന്റ് കാര്‍ഡമം ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹാരിസ് ഇബ്രാഹിം, ക്ലര്‍ക്ക് ബാലമുരുകന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

To advertise here,

ചിന്നക്കനാല്‍ വില്ലേജില്‍ സിമന്റുപാലത്തുള്ള സര്‍വ്വേ നമ്പര്‍ 34/1ല്‍ ഉള്‍പ്പെട്ട നാല് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിക്കാണ് കുമളിയിലെ അസി. കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസില്‍നിന്ന് ചട്ടവിരുദ്ധമായി പാട്ടക്കരാര്‍ നല്‍കിയത്. കഴിഞ്ഞ ജൂലായ് ഒമ്പതിനാണ് 20 വര്‍ഷത്തേക്ക് ഉദ്യോഗസ്ഥര്‍ കരാര്‍ എഴുതിയത്. ചിന്നക്കനാല്‍ സ്വദേശിയായ പ്ലാക്കാഡ് തോമസ് കുരുവിള എന്നയാള്‍ക്കാണ് ഏക്കറിന് 5000 രൂപ നിരക്കില്‍ അനധികൃതമായി പാട്ടക്കരാര്‍ നല്‍കിയത്. 

ജില്ലാ കളക്ടര്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം കൈയേറ്റ ഭൂമി സര്‍ക്കാരിലേക്ക്‌ തിരിച്ചുപിടിച്ചിരുന്നു. തുടര്‍ന്നാണ് കരാര്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയിലേക്ക് നീങ്ങിയത്‌. ഓഫീസ് കേന്ദ്രീകരിച്ച് അടുത്തിടെ നടന്ന മറ്റുനടപടികളും അധികൃതര്‍ പരിശോധിച്ച് വരുകയാണ്. ചിന്നക്കനാല്‍ മേഖലയിലെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരേ ദിവസങ്ങളായി റവന്യൂ ഉദ്യോഗസ്ഥര്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്.

content highlights: chinnakanal land encroachment, two officers suspended