വടകര: കണ്ടക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തൊട്ടില്‍പ്പാലം-തലശ്ശേരി റൂട്ടില്‍ തുടങ്ങിയ ബസ് പണിമുടക്ക് മൂന്നാം ദിവസം വടകര താലൂക്കിലുടനീളം വ്യാപിച്ചു. യൂണിയനുകളുടെ ആഹ്വാനമില്ലാതെയാണ് മിന്നല്‍സമരം തുടങ്ങിയത്. സമരം തുടരുമ്പോഴും പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടില്ല. തലശ്ശേരി റൂട്ടിലെ സമരവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അവിടെ ചര്‍ച്ചനടക്കുകയും ഉച്ചയോടെ സമരം പിന്‍വലിച്ചതായ പ്രചാരണമുണ്ടാകുകയും ചെയ്തിരുന്നു. എന്നിട്ടും വടകര കേന്ദ്രീകരിച്ച് വിരലിലെണ്ണാവുന്ന ബസുകള്‍മാത്രമാണ് ഓടിയത്. ഇതിനിടെ സമരം പിന്‍വലിച്ചിട്ടില്ലെന്നും തുടരുമെന്നുമുള്ള പ്രചാരണം ബസ് തൊഴിലാളി കൂട്ടായ്മയുടെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപിക്കുന്നുണ്ട്.

To advertise here,

യൂണിയനുകളുമായി ബന്ധപ്പെട്ടപ്പോള്‍ ആരാണ് സമരം പ്രഖ്യാപിച്ചതെന്ന് അറിയില്ലെന്നും വടകരയിലെ സമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. നാഥനില്ലാത്ത സമരമായതിനാല്‍ത്തന്നെ പരിഹാരശ്രമങ്ങളും നടക്കുന്നില്ല. വാട്സാപ് വഴിയാണ് സമരത്തിനുള്ള ആഹ്വാനം വരുന്നതും പ്രചരിപ്പിക്കുന്നതും. യൂണിയനുകള്‍ ഇതുകണ്ട് നിസ്സഹായരായി നില്‍ക്കുകയാണ്.

വ്യാഴാഴ്ച വടകര-തൊട്ടില്‍പ്പാലം റൂട്ടിലും മിന്നല്‍സമരമുണ്ടായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച താലൂക്കിലെ എല്ലാ സ്വകാര്യബസുകളും ഒരുവിഭാഗം തൊഴിലാളികളുടെ ആഹ്വാനപ്രകാരം ഓട്ടം നിര്‍ത്തിയത്. ചില ബസുകള്‍ ഓടിയെങ്കിലും തടയുന്ന സ്ഥിതിയുണ്ടായി.

മുന്നറിയിപ്പില്ലാത്ത സമരമായതിനാല്‍ രാവിലെ വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും ജോലിക്കാരുമെല്ലാം ഏറെ പ്രയാസപ്പെട്ടു. ആവശ്യത്തിന് സമാന്തര സര്‍വീസുകളും ഉണ്ടായിരുന്നില്ല. കണ്ടക്ടറെ മര്‍ദിച്ച സംഭവത്തില്‍ എല്ലാ പ്രതികളെയും അറസ്റ്റുചെയ്യുംവരെ സമരമെന്ന പ്രചാരണമാണ് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നത്.