കൊച്ചി: ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ അമേരിക്ക ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ കയറ്റുമതി മേഖലയിലെ പ്രതിനിധികളുടെ യോഗം വിളിച്ച് സംസ്ഥാന വ്യവസായ വകുപ്പ്. വാണിജ്യമേഖലയ്ക്കൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഒരു ശതമാനം മാത്രമേ കേരളത്തിൽ നിന്നുള്ളൂവെങ്കിലും ഈ പ്രതിസന്ധി നമ്മുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കാൻ സാധ്യത ഏറെയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യത്തിൽ പരിമിതികളുണ്ടെങ്കിലും സർക്കാരിന്റെ പരിധിയിൽനിന്നു ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു. പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതുവരെ കാത്തിരിക്കുന്നതിനു പകരം സമാന്തരമായ മറ്റ് വിപണികൾ കണ്ടെത്തണം. എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ മാതൃകയിൽ സംസ്ഥാനതലത്തിലും സംവിധാനം കൊണ്ടുവരണം. അതിലൂടെ പുതിയ വിപണികൾ കണ്ടെത്താൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി.
ആഭ്യന്തര വിപണി കൂടുതലായി ഉപയോഗപ്പെടുത്തണം. ലോക കേരളസഭയിലെ അംഗങ്ങളുമായി ചേർന്ന് പുതിയ കയറ്റുമതി വിപണി കണ്ടെത്താൻ ശ്രമിക്കാമെന്നും കയറ്റുമതി മേഖലയുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ നിവേദനം കേന്ദ്രസർക്കാരിന് കേരളം സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കയറ്റുമതി മേഖലയ്ക്ക് നൽകിവന്നിരുന്ന പല സഹായങ്ങളും കേന്ദ്രസർക്കാർ കഴിഞ്ഞ കുറച്ചു കാലമായി വെട്ടിക്കുറച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റോഡ്ടെപ് (റെമിഷൻ ഓഫ് ഡ്യൂട്ടീസ് ആൻഡ് ടാക്സസ് ഓൺ എക്സ്പോർട്സ് പ്രോഡക്ട്സ്) പോലുള്ളവ മുൻകാലത്തേതുപോലെ നാല് ശതമാനമാക്കിയാൽ കുറച്ചൊക്കെ പ്രതിസന്ധി മറികടക്കാമെന്ന് കയറ്റുമതി മേഖല ചൂണ്ടിക്കാട്ടി.
കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം നേടിയെടുക്കുന്നതിന് കെഎസ്ഐഡിസിയിൽനിന്ന് നോഡൽ ഓഫീസറെ നിയമിക്കാവുന്നതാണ്. വൈദ്യുതി നിരക്കിൽ ഇളവ്, തൊഴിലാളിക്ഷേമ പദ്ധതികളിൽ സബ്സിഡി തുടങ്ങിയവയും മുന്നോട്ടു വെച്ചു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ കെഎസ്ഐഡിസി ചെയർമാൻ സി. ബാലഗോപാൽ, എക്സിക്യുട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, ജനറൽ മാനേജർ വർഗീസ് മാളാക്കാരൻ, ഹാൻഡ്ലൂം ഡയറക്ടർ ഡോ. കെ.എസ്. കൃപകുമാർ, വ്യവസായവകുപ്പ് അഡീ. ഡയറക്ടർ ജി. രാജീവ് തുടങ്ങിയവർ സംബന്ധിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ആസൂത്രണ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ഓൺലൈനായി സംബന്ധിച്ചു.
Content Highlights: Kerala govt. calls meeting with export representatives to discuss US tariffs & explore new markets
Published: 12 Aug 2025, 06:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented