തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ക്കൊപ്പം സര്‍വകലാശാലാ നിയമഭേദഗതി ബില്ലില്‍ മന്ത്രി ആര്‍. ബിന്ദുവിന് വ്യക്തിപരമായി ഗുണകരമാകുന്ന വകുപ്പുകളും. കോളേജ് അധ്യാപകര്‍ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധ്യക്ഷന്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നീ പദവികളിലെത്തിയാല്‍ ആ കാലയളവ് വേതനമില്ലാത്ത അവധിയായി കണക്കാക്കാമെന്നാണ് ബില്ലിലെ പുതിയ വ്യവസ്ഥ.

To advertise here,

2005-മുതല്‍ 2010-വരെ ആര്‍. ബിന്ദു തൃശ്ശൂര്‍ മേയറായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി 2021-ലാണ് തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍നിന്ന് അവര്‍ രാജിവെച്ചത്. നിയമഭേദഗതി അംഗീകരിക്കപ്പെട്ടാല്‍ മന്ത്രിയുടെ മേയര്‍ പദവിയുടെ കാലയളവുകൂടി പരിഗണിച്ച് കോളേജ് അധ്യാപിക എന്നനിലയില്‍ ഉയര്‍ന്ന പെന്‍ഷന്‍ ആനുകൂല്യം വാങ്ങാനാകുമെന്നാണ് ആക്ഷേപം. 

അഞ്ചുവര്‍ഷം മേയര്‍ ആയിരുന്നതുള്‍പ്പെടെ 26 വര്‍ഷത്തെ സര്‍വീസാണ് അവര്‍ക്ക് ലഭിക്കുക. എയ്ഡഡ് കോളേജ് അധ്യാപകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കി സര്‍വീസ് ചട്ടം 2021-ല്‍ ഭേദഗതിചെയ്‌തെങ്കിലും സുപ്രീംകോടതിയുടെ സ്റ്റേ തുടരുകയാണ്.

ബില്‍ തിങ്കളാഴ്ച നിയമസഭ പരിഗണിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷപദവി വഹിച്ചിരുന്ന എയ്ഡഡ് കോളേജ് അധ്യാപകര്‍, ആ കാലയളവ് സര്‍വീസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു.