
കൊച്ചി: നരേന്ദ്ര മോദി ഭരണത്തിന് മുന്നിൽ ക്രൈസ്തവർ സുരക്ഷിതരെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി ജോൺ ബർള. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും വൈകിട്ട് കോട്ടയത്ത് വെച്ച് റബ്ബർ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ക്രൈസ്തവസഭകളുമായി ബി.ജെ.പി. നടത്തുന്ന ചർച്ചകളെപ്പറ്റി സൂക്ഷ്മതയോടെ മാത്രമേ പ്രതികരിക്കാവൂയെന്നാണ് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. പൊതുയോഗങ്ങളിലും ചർച്ചകളിലും വാക്കുകൾ ശ്രദ്ധിച്ചുമാത്രമേ ഉപയോഗിക്കാവൂ. പാർട്ടിയുടെയും വർഗബഹുജന സംഘടനകളുടെയും നേതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്ന് ജില്ലാ സെക്രട്ടറിമാരോടാണ് നിർദേശിച്ചിട്ടുള്ളത്. വർഗബഹുജന സംഘടനകളുടെ ഫ്രാക്‌ഷൻ യോഗങ്ങളിൽ പങ്കെടുക്കുന്ന പാർട്ടി നേതാക്കൾ ഇക്കാര്യം പറയുന്നുണ്ട്.
സമീപകാല തിരഞ്ഞെടുപ്പുകളിൽ ക്രൈസ്തവ വോട്ടുകൾ ചെറിയതോതിലെങ്കിലും ബി.ജെ.പി.ക്ക് ലഭിക്കുന്നുണ്ടെന്നാണ് സി.പി.എമ്മിന്റെ വിവിധ ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തൽ. പത്തനംതിട്ട അടക്കമുള്ള ജില്ലകളിൽ അപ്രതീക്ഷിതമായി ക്രൈസ്തവ വോട്ടുകൾ ബി.ജെ.പി.യിലേക്ക് ചായുന്നെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്ക് ബൂത്ത് തലത്തിൽ ലഭിച്ച വോട്ടുകൾ വിശകലനം ചെയ്താണ് സി.പി.എം. ഈ വിലയിരുത്തലിലേക്ക് എത്തിയത്. ഇതു പ്രതിരോധിക്കാൻ പാർട്ടി ഘടകങ്ങൾ ജാഗരൂകരാകണമെന്ന് നേതൃത്വം നിർദേശിക്കുന്നു.
Content Highlights: Union Minister John Barla to meet cardinal Mar George Alencherry
Published: 18 Apr 2023, 11:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented