
തിരുവനന്തപുരം: കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന ഇന്ദിരാ ഗാരന്റി തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് കണക്കെടുപ്പ് തുടങ്ങി.
സംസ്ഥാനത്തെ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി എത്ര പെൺകുട്ടികൾ പഠിക്കുന്നുണ്ടെന്നുള്ള ഏകീകൃത വിവരം നിലവിൽ സർക്കാരിന്റെ പക്കലില്ല. അതേസമയം, ഏറ്റവുമൊടുവിലത്തെ അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേയിലെ കണക്കുനോക്കിയാൽ വർഷത്തിൽ 800-ലേറെ കോടി ചെലവഴിക്കേണ്ടിവരും.
2023-ലെ സർവേ അനുസരിച്ച് കേരളത്തിൽ 59.47 ശതമാനമാണ് ഉന്നതവിദ്യാഭ്യാസത്തിൽ പെൺകുട്ടികളുടെ പ്രവേശനാനുപാതം. ദേശീയ ശരാശരി 47.8. മൊത്തം 10,99,113 വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി ചേർന്നു. ഈ കണക്കും പ്രവേശനാനുപാതവും വിലയിരുത്തിയാൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികൾ ശരാശരി ഏഴുലക്ഷംവരും. അതായത്, ഇന്ദിരാ ഗാരന്റി നടപ്പാക്കാൻ പ്രതിമാസം 70 കോടി വേണ്ടിവരും.
അന്തിമ കണക്കെടുപ്പിലേ കൃത്യം തുക അറിയൂവെങ്കിലും അത് എങ്ങനെ വഹിക്കാനാവുമെന്നതാണ് സർക്കാരിനു മുന്നിലെ വെല്ലുവിളി. ഈ അധ്യയനവർഷം ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയിച്ചവരിലും പെൺകുട്ടികളാണ് കൂടുതൽ.
സ്‌കോളർഷിപ്പും ഫെലോഷിപ്പുമൊക്കെ എന്തുചെയ്യും?
പട്ടികവിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾക്കുപുറമേ, വരുമാനത്തിന്റെയുംമറ്റും അടിസ്ഥാനത്തിൽ നിലവിൽ ഒട്ടേറെ സ്കോളർഷിപ്പും ഫെലോഷിപ്പുമൊക്കെ ഉന്നതവിദ്യാഭ്യാസരംഗത്തുണ്ട്.
ഇന്ദിരാ ഗാരന്റി വരുമ്പോൾ ഇതെല്ലാം തുടരുമോയെന്നു വ്യക്തമല്ല. അവ ലഭിക്കുന്നവരെ മാറ്റിനിർത്തി ഇന്ദിരാ ഗാരന്റി നൽകണമെങ്കിൽ പുതിയ മാനദണ്ഡം വേണ്ടിവരും.
Content Highlights: udf government indira guarantee scheme
Published: 27 May 2026, 04:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented