എഴുകോൺ: കരീപ്ര പഞ്ചായത്തിലെ സ്വീകരണത്തിനിടെ യു.ഡി.എഫ്.സ്ഥാനാർഥി അയിഷാപോറ്റിക്കുനേരേ അസഭ്യവർഷം നടത്തി, സ്വീകരണം തടസ്സപ്പെടുത്താൻ ശ്രമിച്ച സി.പി.എം. പ്രവർത്തകരുടെ പേരിൽ കേസ്. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവരുടെ പേരിലാണ് കേസെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

To advertise here,

അയിഷാപോറ്റിയുടെ സ്വീകരണപര്യടനം കരീപ്ര ചൂരപ്പൊയ്കയിൽ എത്തിയപ്പോഴായിരുന്നു സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന ഇരുവരും അയിഷാ പോറ്റിയുടെ വാഹനം തടയാൻ ശ്രമിക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു. വഞ്ചന കാട്ടിയതല്ലേ എന്ന് ചോദിച്ചായിരുന്നു പ്രവർത്തകർ അയിഷാപോറ്റിക്കുനേരെ തിരിഞ്ഞത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് എഴുകോൺ പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ഇരുവർക്കുമെതിരേ ചുമത്തിയിട്ടുണ്ട്.