തിരുവനന്തപുരം: പത്തൊമ്പത് ദിവസം കൊണ്ടാണ് കാസര്‍കോട് കുമ്പള സ്വദേശികളായ ആഷിഖ് ബേളയും ഗ്ലെന്‍ പ്രീതേഷ് കിദൂറും കേരളം നടന്നുകണ്ടത്. ഒരു ദിവസം 45 കിലോ മീറ്റര്‍ വീതം നടന്നാണ് ഇരുവരും കാസര്‍കോട്ട്നിന്നും തിരുവനന്തപുരത്തെത്തിയത്. 

To advertise here,

'വാക്ക് ടു ഹെല്‍ത്ത്' എന്ന സന്ദേശവുമായി  ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് നടന്നുകയറാനൊരുങ്ങുകയാണ് ഇരുവരും. യുവതലമുറ കംപ്യൂട്ടറിനും മൊബൈലിനും അടിമയായി വ്യായാമ കുറവുമൂലം രോഗികളാകുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു സന്ദേശം തിരഞ്ഞെടുത്തത്. 

ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിന് രാവിലെ എട്ടുമണിക്ക് കാസര്‍കോട് സീതാംഗോളിയില്‍  നിന്നാണ് ഇരുവരും യാത്ര തുടങ്ങിയത്. രക്ഷിതാക്കളും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയ ചടങ്ങില്‍ പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വയാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. 25 ന് തിരുവനന്തപുരം പാളയം ജുമാ മസ്ജിദിനുമുന്നില്‍ അവര്‍ യാത്ര അവസാനിപ്പിച്ചു. യൂട്യൂബിലെ ട്രാവല്‍ വ്‌ളോഗുകള്‍ കണ്ടാണ് കേരളം ചുറ്റിയടിക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് ആഷിഖ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ഇരുവരും ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം വന്നതിന് പിന്നാലെയാണ് യാത്ര തുടങ്ങിയത്. വ്യത്യസ്തമായ സന്ദേശം നല്‍കണമെന്ന ആഗ്രഹത്തിലാണ് നടന്ന് യാത്ര പോകാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറഞ്ഞു.

ആദ്യമൊക്കെ കളിതമാശയെന്ന് വീട്ടുകാര്‍ കരുതി. എന്നാല്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് അപേക്ഷിച്ചതോടെയാണ് പിള്ളേരുകളി കാര്യമാകുമെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്. ആദ്യം വീട്ടില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്നുവെങ്കിലും ഒടുവില്‍ സമ്മതം മൂളി. 

ഇരുവരും സാധാരണ കുടുംബത്തിലെ അംഗങ്ങളാണ്. ആഷിഖിന്റെ പിതാവ് ഏറെ നാള്‍ സൗദിയിലായിരുന്നു. ഇപ്പോള്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയെത്തി. ഗ്ലെന്നിന്റെ പിതാവ് ഓട്ടോ റിക്ഷ ടാക്സി ഓടിച്ചാണ് വീട് നോക്കുന്നത്. 

പോക്കറ്റ് മണിയായി വീട്ടുകാര്‍ മുമ്പ് നല്‍കിയിരുന്ന ചെറിയ തുകയും കൊണ്ടാണ് യാത്ര തുടങ്ങിയത്. ഭക്ഷണത്തിനും മറ്റു ചെലവുകള്‍ക്കും പിന്നീട് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായം ചെറിയ തുകകളായി എത്തിക്കൊണ്ടിരുന്നു. രാത്രിയില്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തി ടെന്റ് കെട്ടി അതിലാണ് വിശ്രമിക്കുക. പുലര്‍ച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് യാത്ര തുടങ്ങുകയായിരുന്നു രീതി. കുറഞ്ഞത് 45 കിലോ മീറ്ററെങ്കിലും ഒരു ദിവസം പിന്നിടും. 50 കിലോ മീറ്റര്‍ നടന്ന ദിവസങ്ങളുമുണ്ടായിട്ടുണ്ട്. 

ഇനി യാത്ര പൂര്‍ത്തിയായതിന്റെ തെളിവുകള്‍ അടക്കം ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് കമ്മിറ്റിക്ക് അയച്ചുകൊടുക്കണം. തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. അതിനുമുമ്പ് തലസ്ഥാനമൊക്കെ നടന്നുകാണും. തിരികെ എത്തിയാല്‍
എന്‍ട്രന്‍സ്‌ പരീക്ഷയുടെ തയ്യാറെടുപ്പുകളിലേക്ക്.

content highlights: two students travelled across kerala by walk