തിരുവനന്തപുരം: ഒന്നരക്കോടി വിലവരുന്ന വീടും വസ്തുവും വ്യാജ പ്രമാണം, ആധാർ കാർഡ് എന്നിവ ഉണ്ടാക്കി വിറ്റുവെന്ന കേസിൽ രണ്ടുപേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ അലയമൺ പഞ്ചായത്തിൽ മണക്കാട് പുതുപറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ് (27), വട്ടപ്പാറ കരകുളം മരുതൂർ ചീനിവിള പാലയ്ക്കാടു വീട്ടിൽ വസന്ത (76) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അർബുദ രോഗിയായ വസന്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും അവർ ചികിത്സയിൽ തുടരുകയാണ്.
ജവഹർ നഗറിൽ ഡോറ അസറിയ ക്രിപ്‌സ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവുമാണ് വ്യാജരേഖ ചമച്ച് കൈക്കലാക്കിയത്. ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെ ഉപയോഗിച്ചാണ് മെറിൻ തട്ടിപ്പിനുള്ള പദ്ധതി തയ്യാറാക്കിയത്.
ഡോറയുടെ വളർത്തുമകളാണെന്ന വ്യാജേന മെറിൻ ജേക്കബ്ബിന്റെ പേരിൽ വസ്തുവും വീടും ശാസ്തമംഗലം രജിസ്റ്റർ ഓഫീസിൽെവച്ച് ധനനിശ്ചയം ചെയ്തു. തുടർന്ന് ചന്ദ്രസേനൻ എന്നയാൾക്ക് വസ്തു വിലയാധാരം ചെയ്തു നൽകി. ഡോറ അമേരിക്കയിൽ താമസിക്കുമ്പോഴായിരുന്നു സംഭവം. ഡോറയുടെ വസ്തുവിന്റെ കെയർടേക്കറായിരുന്ന ആളാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇവർ എങ്ങനെയാണ് വസ്തു കൈക്കലാക്കിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് മ്യൂസിയം പോലീസ് പറഞ്ഞു.
വ്യാജ പ്രമാണം, വ്യാജ ആധാർ കാർഡ് എന്നിവ പോലീസ് കണ്ടെത്തി. രജിസ്ട്രാർ ഓഫീസിലെ രേഖകളിലെ വിരലടയാളം പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
എസി സ്റ്റുവർട്ട് കീലർ, ഇൻസ്‌പെക്ടർ വിമൽ, എസ്‌ഐമാരായ വിപിൻ, ബാലസുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Content Highlights: two arrested for selling property using forged documents
Published: 03 Jul 2025, 07:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented