ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്ത് പൊതുദർശനത്തിന് എത്തിച്ചപ്പോൾ. ഇൻസെറ്റിൽ മരിച്ച ദീപു. ഫോട്ടോ: ബി.മുരളീകൃഷ്ണൻ|മാതൃഭൂമി
കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്ത്തകന് ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കരള്‍ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
തലയോട്ടിക്ക് പിന്നില്‍ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കുന്ന സ്ഥിതിയുമുണ്ടായി. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ഡോക്ടര്‍മാര്‍ നല്കുന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ കേസിന്റെ മറ്റ് നടപടിക്രമങ്ങളുമായി പോലീസ് മുന്നോട്ട് പോകുകയാണ്.
ഇതുവരെ നാല്പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുംദിവസങ്ങളില്‍ പോലീസിന് ലഭിക്കും. കൊല്ലപ്പെട്ട ദീപുവിന്റെ ശവസംസ്കാരം കാക്കനാട് സ്മശാനത്തില്‍ ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ നടന്നു.
ദീപുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു. സ്ഥലത്ത് തുടര്‍പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
Content Highlights: twenty 20 activist deepus post mortem report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..