ആലുവ: ഇന്ത്യയുടെ ആത്മാവിനെ ബാധിച്ച അര്‍ബുദമാണ് ആര്‍എസ്എസ് എന്ന ആരോപണം ആവർത്തിച്ച് മഹാത്മാ ഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി. നെയ്യാറ്റിന്‍കരയില്‍ ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ ബിജെപി പരിപാടി നടത്തുന്നു എന്നറിയുന്നതില്‍ തനിക്ക് അദ്ഭുതവും ഭയവും തോന്നുകയാണ്. പ്രതിഷേധിക്കുന്നവര്‍ ഗാന്ധിപ്രതിമയിലേക്ക് വെടിയുതിര്‍ക്കുമോ എന്നാണ് ഭയമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. 

To advertise here,

ഇത്തരമൊരു കാര്യം കേരളത്തില്‍ നടക്കുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നു. കാരണം, ജനങ്ങളുടെ അവകാശങ്ങള്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുന്ന അവസാനത്തെ സംസ്ഥാനമാണ് കേരളം. എതിര്‍പക്ഷത്തെ ബഹുമാനിക്കുക എന്നത് മലയാളികളുടെ സംസ്‌കാരത്തിലുള്ള കാര്യമാണ്. നാം എല്ലാക്കാലവും എതിര്‍പക്ഷത്തോടൊപ്പം ചേര്‍ന്നുതന്നെയാണ് ജീവിച്ചത്. എതിര്‍പക്ഷത്തോട് എല്ലായ്‌പ്പോഴും നേര്‍ക്കുനേര്‍ നില്‍ക്കാറുണ്ടെങ്കിലും അവരെ ഒരിക്കലും നിശ്ശബ്ദരാക്കാന്‍ ശ്രമിച്ചിട്ടില്ല. ആരെയെങ്കിലും നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നത്, ആരെയെങ്കിലും അപമാനിക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലാകുമ്പോള്‍ അതൊരു വലിയ ഭീഷണിയാണ്. കേരളത്തിന്റെ ആത്മാവിനെയും മലയാളിയുടെ ഓജസ്സിനെയും സംരക്ഷിക്കാന്‍ ഇത്തരത്തിലുള്ള വിഷമുള്ള മനുഷ്യരെ കേരളത്തില്‍നിന്ന് പുറത്താക്കണം. നമുക്ക് ഇപ്പോള്‍ ഒരു പൊതുശത്രുവുണ്ട്-സംഘ് (ആര്‍എസ്എസ്). നാം അന്യോന്യം കലഹിക്കുന്നതിന് മുന്‍പേ അതിനെതിരേ പോരാടിയേ മതിയാകൂ, തുഷാര്‍ ഗാന്ധി പറഞ്ഞു. 

ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ തുഷാര്‍ ഗാന്ധി നടത്തിയ ചില പരാമര്‍ശങ്ങളെ തുടര്‍ന്ന് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വഴിതടഞ്ഞിരുന്നു. ആര്‍എസ്എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണമെന്നും ചടങ്ങില്‍ തുഷാര്‍ഗാന്ധി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.