തിരുവനന്തപുരം: ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടി.ടി.സി. വിദ്യാർഥിനി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർക്കെതിരെ മനഃപൂര്‍വമായ നരഹത്യക്ക് കേസെടുത്തു. വിഴിഞ്ഞം പോലീസാണ് കേസെടുത്തത്. കരിമ്പളളിക്കര സ്വദേശി ഷൈജുവിന് (30) എതിരെയാണ് ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) പ്രകാരം കേസെടുത്തത്. ബി.എൻ.എസ്. നിലവിൽ വന്നശേഷം വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ ആദ്യമായാണ് നരഹത്യക്ക് കേസെടുക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് 4:15-ഓടെ വിഴിഞ്ഞം-മുക്കോല-ഉച്ചക്കട റോഡിൽ കിടാരക്കുഴിയിലായിരുന്നു അപകടം. അപകടമുണ്ടാക്കിയശേഷം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുക പോലും ചെയ്യാതെ ഷൈജു ഓട്ടോറിക്ഷയുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഓട്ടോറിക്ഷയ്ക്ക് ഇൻഷുറൻസും ടാക്സും അടക്കമുളള രേഖകൾ ഇല്ലായിരുന്നെന്നും പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
Also Read
അപകട സ്ഥലം മുതൽ വിഴിഞ്ഞം വരെയുളള 65-ലധികം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളുടെ ഓട്ടോറിക്ഷ കണ്ടെത്തിയതെന്ന് എസ്.എച്ച്.ഒ. ആർ.ജയപ്രകാശ് പറഞ്ഞു. എസ്.ഐമാരായ വിനോദ്, ബിനുകുമാർ, സി.പി.ഒ.മാരായ രാമു, സാബു, അരുൺ .പി. മണി എന്നിവരുൾപ്പെട്ട സംഘമാണ് ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോറിക്ഷ കണ്ടെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.
വിളവൂർക്കൽ പെരുകാവ് ഈഴക്കോട് ശാന്തിവനത്തിൽ ഈഴക്കോട് യു.പി.എസിലെ മാനേജർ എഫ്.സേവ്യറിന്റെയും സ്കൂളിലെ പ്രഥമാധ്യാപികയായ ലേഖാ റാക്സണിന്റെയും ഏകമകളായ എൽ.എക്സ്. ഫ്രാൻസിസ്ക (19) ആണ് അപകടത്തിൽ മരിച്ചത്. വെങ്ങാനൂർ മുടിപ്പുര നട ഗവ.എൽ.പി.സ്കൂളിൽ അധ്യാപന പരിശീലനത്തിനുശേഷം ഫ്രാൻസിസ്കയും കുട്ടുകാരികളും കോട്ടുകാൽ മരുതൂർക്കോണത്തുളള ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കൂടെ സഞ്ചരിച്ചിരുന്ന വിദ്യാർഥിനികളായ പത്തനം തിട്ട സ്വദേശി കെ.പി.ദേവിക(19), കാസർകോഡ് സ്വദേശി രാഖി സുരേഷ്(19) എന്നിവർക്കും ഗുരുതര പരിക്കേറ്റിരുന്നു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Content Highlights: TTC student's death in accident: Auto rickshaw driver arrested & charged involuntary manslaughter
Published: 06 Sept 2024, 09:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented