തിരുവനന്തപുരം: മൃഗശാലയിലെ ഗ്രേസി എന്ന പെൺസിംഹത്തിന്റെ ചികിത്സയ്ക്കായി അമേരിക്കയിൽനിന്ന് മരുന്നെത്തിച്ചു. ക്രോണിക്ക് അറ്റോപിക്ക് ഡെർമറ്റൈറ്റിസ് എന്ന ത്വഗ്രോഗം കണ്ടെത്തിയതിനെത്തുടർന്നാണ് അമേരിക്കയിൽനിന്ന് മരുന്ന് ഇറക്കുമതി ചെയ്തത്. ത്വഗ്രോഗത്തിന് സിംഹത്തിന് ചികിത്സ നടത്തിയിരുന്നെങ്കിലും മരുന്നുകളുമായി പ്രതികരിച്ചിരുന്നില്ല. അമേരിക്കൻ നിർമിത മരുന്നായ സെഫോവേസിൻ എന്ന അതിനൂതന ആന്റിബയോട്ടിക് ആണ് സൊയെറ്റിസ് എന്ന കമ്പനി വഴി തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.

To advertise here,

ഒരു ഡോസിന് ശരാശരി പതിനയ്യായിരം രൂപ വിലവരുന്ന മരുന്നിന്റെ നാല് ഡോസുകൾ ആണ് എത്തിച്ചത്. പുതിയ ചികിത്സ ആരംഭിച്ചതിനെ ത്തുടർന്ന് രോഗലക്ഷണങ്ങൾ കുറഞ്ഞുവരുന്നതായി മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ പറഞ്ഞു. തിരുവനന്തപുരം മൃഗശാലയിൽത്തന്നെ ഉണ്ടായിരുന്ന ആയുഷ്- ഐശ്വര്യ എന്നീ സിംഹങ്ങളുടെ കുട്ടിയാണ് ആറുവയസ്സുള്ള ഗ്രേസി. ജന്മനാ പിൻകാലുകൾക്ക് സ്വാധീനം കുറവായതിനാൽ ഗ്രേസിക്ക് പ്രത്യേക പരിചരണം നൽകിയിരുന്നു.

രോഗം ഭേദമാകുന്ന മുറയ്ക്ക് ഗ്രേസിയെ ചെന്നൈയിലെ വെണ്ടല്ലൂർ മൃഗശാലയുമായി മൃഗ കൈമാറ്റം നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. പകരമായി മറ്റൊരു പെൺസിംഹത്തിനെ വെണ്ടല്ലൂരുനിന്ന് ഇവിടേക്ക്‌ എത്തിക്കും. 'ബ്ലഡ് ലൈൻ എക്‌സ്‌ചേഞ്ച്' എന്ന ഈ പ്രക്രിയയിലൂടെ കൂടുതൽ ജനിതക ഗുണമുള്ള കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ ആണ് ഇത്തരത്തിൽ കൈമാറ്റം ചെയ്യുന്നത്.