തിരുവനന്തപുരം: ചികിത്സകിട്ടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊല്ലം സ്വദേശി മരിച്ചതായി ആരോപണം. പന്മന സ്വദേശി വേണു (48) മരിച്ചത് ചികിത്സ കിട്ടാത്തതുമൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ബുധനാഴ്ചയാണ് വേണു മരിച്ചത്.

To advertise here,

കൊല്ലം ജില്ലാ ആശുപത്രിയിൽനിന്ന് ഗുരുതരാവസ്ഥയിലാണ് വേണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അടിയന്തരമായി ആൻജിയോഗ്രാം ചെയ്യണമെന്ന നിർദേശവുമുണ്ടായിരുന്നു. എന്നാൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ച് ദിവസം കിടന്നിട്ടും ആൻജിയോ ഗ്രാം ചെയ്തില്ലെന്ന് കുടുംബം ആരോപിച്ചു. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വ്യക്തമാക്കുന്ന വേണുവിന്റെ സന്ദേശം പുറത്തുവന്നു.

'എമർജൻസി പേഷ്യന്റ് എന്നുപറഞ്ഞ് വെള്ളിയാഴ്ച കൊണ്ടുപോയതാണ്. അഞ്ചുദിവസംവരെ ഇട്ടിരുന്നിട്ടും അവർ നോക്കിയില്ല. അതുകൊണ്ടാണ് അത്തരത്തിൽ ഒരു ശബ്ദസന്ദേശം അദ്ദേഹം അയച്ചത്', വേണുവിന്റെ സഹോദരൻ പറഞ്ഞു.

'ബുധനാഴ്ച ആൻജിയോഗ്രാം ചെയ്തില്ല. ഡോക്ടർ വന്നപ്പോൾ 'ഭയങ്കര തലവേദന എടുക്കുന്നുണ്ട്' എന്ന് പറഞ്ഞു. ഞാൻ നോക്കുന്ന രോഗിയല്ല നിങ്ങൾ, എനിക്ക് നോക്കാനാവുന്ന രോഗിയെ മാത്രമേ നോക്കാൻ പറ്റൂ, എന്നായിരുന്നു ഡോക്ടറുടെ മറുപടി. നിങ്ങളൊക്കെ ഡോക്ടർമാരല്ലേ, ഒന്നു നോക്കിക്കൂടെ എന്ന് അദ്ദേഹം ചോദിച്ചു', മരിച്ച വേണുവിന്റെ ഭാര്യ പറഞ്ഞു.

സംഭവത്തിൽ, മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രി അടക്കമുള്ളവർക്കും വേണുവിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.

അതേസമയം, സംഭവത്തെക്കുറിച്ച് അറിയുന്നത് വാർത്തയിൽ കൂടിയാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രൻ പറഞ്ഞു. 'ഒന്നാം തീയതിയാണ് രോഗി ചികിത്സ തേടിയെത്തിയത്. നേരത്തെ സ്ട്രോക്ക് വന്നിട്ടുള്ളയാളാണ്. ചികിത്സയിലായിരുന്നു. ആൻജിയോഗ്രാം ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. ക്രിയാറ്റിനിലും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രണ്ടാം വാർഡിലെ കാർഡിയോളജി വിഭാഗത്തിൽത്തന്നെയാണ് അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞദിവസം ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടായി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ല. ചികിത്സ നൽകാൻ താമസവും ഉണ്ടായിട്ടില്ല. പുറത്തുവന്ന ഓഡിയോയിൽ പറയുന്ന കാര്യങ്ങളേക്കുറിച്ച് അറിയില്ല. കൃത്യമായ ചികിത്സ കൊടുത്തിട്ടും ഇത്തരം കാര്യങ്ങൾ കേൾക്കേണ്ടിവരുന്നത് ദുഃഖകരമാണെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.