തിരുവനന്തപുരം: പ്രധാനമന്ത്രിയെ കാണാൻ താൻ വരാമെന്നും നാടിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾക്കാണെങ്കിൽ പ്രധാനമന്ത്രിയെ കാണാൻ മടിയില്ലെന്നും എല്ലാ കൗൺസിലർമാരും പ്രധാനമന്ത്രിയെ കാണാൻ തയ്യാറാണെന്നും എസ്.പി. ദീപക്. സി.പി.എം. കൗൺസിലർമാർ പ്രധാനമന്ത്രിയെ കാണാൻ തയ്യാറാണെങ്കിൽ അപ്പോയിൻമെന്റ് എടുക്കാമെന്ന മേയർ വി.വി.രാജേഷിന്റെ പ്രഖ്യാപനത്തോട് ബജറ്റ് ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ബി.ജെ.പി. കൗൺസിലർമാരെ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് ക്ഷണിച്ചതെന്ന കൗൺസിലർ വഞ്ചിയൂർ ബാബുവിന്റെ വിമർശനത്തിന് മറുപടിയായാണ് പ്രധാനമന്ത്രിയെ കാണാൻ അവസരമൊരുക്കാമെന്ന് രാജേഷ് പറഞ്ഞത്. ചൊവ്വാഴ്ച ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ് അവതരിപ്പിച്ച ബജറ്റിൻമേലുള്ള പൊതുചർച്ചയാണ് നടന്നത്.

ടോയ്‌ലറ്റ് പേപ്പറിന് തുല്യമായ ബജറ്റാണ് കോർപ്പറേഷനിൽ അവതരിപ്പിച്ചതെന്ന് കവടിയാർ കൗൺസിലർ കെ.എസ്.ശബരീനാഥൻ പറഞ്ഞു. തിരുവല്ലം പരശുരാമക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രത്യേകശ്രദ്ധ വേണമെന്ന് തമ്പാനൂർ കൗൺസിലർ ആർ.ഹരികുമാർ ആവശ്യപ്പെട്ടു. ബി.പി.എൽ. വിഭാഗത്തിലുള്ളവർ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലുള്ളവർക്കും വാട്ടർടാങ്ക് നൽകാനുള്ള പദ്ധതി കൊണ്ടുവരണമെന്ന് കുന്നുകുഴി കൗൺസിലർ മേരിപുഷ്പം ആവശ്യപ്പെട്ടു. തീരദേശമേഖലയെ കരുതിയില്ലെന്ന ആക്ഷേപവും പ്രതിപക്ഷ കൗൺസിലർമാരുടെ ഭാഗത്തുനിന്നുണ്ടായി.

ഇന്തോനേഷ്യ, ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് അവിടത്തെ മാർക്കറ്റുകളിലെ പ്രവർത്തനങ്ങൾ പഠിക്കാനായി കൗൺസിലർമാരെ അയയ്ക്കണമെന്ന നിർദേശം ശാസ്തമംഗലം കൗൺസിലർ ശ്രീലേഖ മുന്നോട്ടുവച്ചു. യാഥാർഥ്യവുമായി ബന്ധമില്ലാത്ത പൊള്ളയായ വാഗ്ദാനങ്ങളാണ് ബജറ്റിലുള്ളതെന്ന് വൈഷ്ണ സുരേഷ് ആരോപിച്ചു. പുതുമയുള്ള ഒന്നും ബജറ്റിലുണ്ടായിരുന്നില്ലെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന രീതിയിലായിരുന്നു ബി.ജെ.പി. അവതരിപ്പിച്ച ബജറ്റെന്നും മുൻ ഡെപ്യൂട്ടി മേയർ കൂടിയായ വഴുതയ്ക്കാട് കൗൺസിലർ രാഖി രവികുമാർ കുറ്റപ്പെടുത്തി.

നഗരവാസികൾക്ക് പ്രതീക്ഷ നൽകുന്ന ദീർഘവീക്ഷണമുള്ള ബജറ്റാണ് കോർപ്പറേഷൻ മുന്നോട്ടുവച്ചതെന്ന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കരമന അജിത്ത് പറഞ്ഞു. കേന്ദ്ര ഗവൺമെന്റ് പദ്ധതികളെ പേരുമാറ്റി സ്വന്തം പദ്ധതിയെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നുവെന്നും കരമന അജിത്ത് പരിഹസിച്ചു. വർഷങ്ങളായി കോർപ്പറേഷൻ ഭരിച്ചുകൊണ്ടിരുന്നവർക്ക് നടപ്പിലാക്കാൻ കഴിയാത്ത പദ്ധതികളെ രണ്ടുമാസം മാത്രം പ്രായമുള്ള പുതിയ ഭരണസമിതി നടപ്പിലാക്കുന്നില്ലെന്ന പരിഹാസത്തിൽ കഴമ്പില്ലെന്ന് എം.ആർ.ഗോപൻ പറഞ്ഞു.