തിരുവനന്തപുരം: ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം അക്രമാസക്തമായി. കൗൺസിൽ മിനിറ്റ്സ് ബുക്കിൽ ഒപ്പിടാൻ ശ്രമിച്ചപ്പോൾ ബി.ജെ.പി. കൗൺസിലർ ചെമ്പഴന്തി ഉദയൻ തന്നെയും മറ്റ് വനിതാ കൗൺസിലർമാരെയും ആക്രമിച്ചുവെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്.ശബരീനാഥൻ ആരോപിച്ചു. അനിത, ത്രേസ്യാമ്മ തുടങ്ങിയ വനിതാ കൗൺസിലർമാരെ ബി.ജെ.പിക്കാർ കയ്യേറ്റം ചെയ്തതായും അദ്ദേഹം പറഞ്ഞു.

To advertise here,

നഗരസഭ കൗൺസിലിൽ സുഗതനെ തിരികെ പ്രവേശിപ്പിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢശ്രമങ്ങൾ കോൺഗ്രസ് അനുവദിക്കില്ലെന്ന് ശബരീനാഥൻ വ്യക്തമാക്കി. മിനിറ്റ്സ് ബുക്കിൽ ഒപ്പിടാൻ ശ്രമിച്ചപ്പോൾ ബി.ജെ.പി. അംഗങ്ങൾ തടഞ്ഞു. സുഗതന്റെ കാര്യത്തിൽ കോടതിയിൽ പോകുമ്പോൾ കാര്യങ്ങൾ അനുകൂലമാക്കാൻ വേണ്ടി ബി.ജെ.പിക്കാർ ആസൂത്രിതമായി മിനിറ്റ്സ് ബുക്ക് കീറിക്കളഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു. ഞങ്ങളുടെ കൊക്കിന് ജീവനുണ്ടെങ്കിൽ സുഗതൻ കൗൺസിലിലേക്ക് വരില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. കൗൺസിലർമാരെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരെയും ‘വിദ്യാഭ്യാസമില്ലാത്ത വെറും നികൃഷ്ട ജീവികൾ’ എന്നാണ് ശബരീനാഥൻ വിശേഷിപ്പിച്ചത്. സുഗതനെ സഹായിക്കാനായി അറ്റൻഡൻസ് ബുക്ക് (രജിസ്റ്റർ) ഒപ്പിടാതെ മാറ്റിവെച്ചിരിക്കുകയായിരുന്നുവെന്നും ഇതിനു പിന്നിൽ ഗൂഢമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ശബരീനാഥൻ ആരോപിച്ചു.