തിരുവനന്തപുരം: ഖരമാലിന്യസംസ്‌കരണ പദ്ധതിയെച്ചൊല്ലി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധം. ഇംഗ്ലീഷിൽ തയ്യാറാക്കിയ സാങ്കേതികരേഖയാണ് അജൻഡയായി അവതരിപ്പിച്ചതെന്നും പഠനമോ ചർച്ചയോ നടത്താതെയാണ് മാലിന്യസംസ്‌കരണ പദ്ധതി അജൻഡയായി കൊണ്ടുവന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

To advertise here,

എന്നാൽ, സ്മാർട്‌ സിറ്റി ഉദ്യോഗസ്ഥരെ കൗൺസിൽ യോഗത്തിലെത്തിച്ച് മലയാളത്തിൽ വിശദീകരിച്ചാണ് ഭരണപക്ഷം പ്രതിരോധിച്ചത്. പദ്ധതിയെക്കുറിച്ച് കൗൺസിലർമാർ ആശങ്കയും സംശയവും പ്രതിഷേധവും പ്രകടിപ്പിച്ചപ്പോൾ മേയർ വി.വി. രാജേഷ് സ്മാർട് സിറ്റി ഉദ്യോഗസ്ഥർ ഇവിടെ എത്തിയിട്ടുണ്ടെന്നും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമെന്നും അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെത്തി മലയാളത്തിൽ പദ്ധതി വിശദമാക്കി. എന്നാൽ, വിശദീകരണത്തിൽ തൃപ്തരാകാത്ത പ്രതിപക്ഷ കൗൺസിലർമാർ എതിർപ്പ് പ്രകടിപ്പിച്ചു.

അജൻഡ മലയാളത്തിലാക്കണമെന്നും പദ്ധതിക്ക്‌ ശുചിത്വമിഷന്റെ അംഗീകാരമുണ്ടോയെന്നും കൗൺസിലർ ആർ.പി. ശിവജി ചോദിച്ചു. പദ്ധതിയുടെ സാമ്പത്തികബാധ്യത പരിശോധിക്കണമെന്നും റോഡ് വൃത്തിയാക്കുന്ന സ്വീപ്പിങ് യന്ത്രം മുൻപ് പരാജയപ്പെട്ട പദ്ധതിയാണെന്നും കൗൺസിലർ കെ. ശ്രീകുമാർ ആരോപിച്ചു. പദ്ധതിയെക്കുറിച്ച് നേരത്തേ അറിയിപ്പും ചർച്ചയും നടത്തിയില്ലെന്നും വലിയ പഠനമില്ലാതെയാണ് പദ്ധതി അജൻഡയിൽ െവച്ചതെന്നും കൗൺസിലർ കെ.എസ്. ശബരീനാഥൻ പറഞ്ഞു. മേയർ പ്രധാനമന്ത്രിയെ കാണാനായി ഡൽഹിയിൽ പോകുന്നതും പ്രതിപക്ഷം ചർച്ചയാക്കി.

പ്രധാനമന്ത്രിയോടു പറഞ്ഞ് കൗൺസിലർമാരുടെ ഓണറേറിയം 25000 രൂപയാക്കണമെന്ന് കൗൺസിലർ വഞ്ചിയൂർ ബാബു പരിഹസിച്ചു. എന്നാൽ, കേരള സർക്കാരാണ് കൗൺസിലർമാരുടെ ഓണറേറിയം വർധിപ്പിക്കേണ്ടതെന്നും അറിയില്ലെങ്കിൽ വാചകക്കസർത്ത് നടത്തേണ്ടതില്ലെന്നും വി.ജി. ഗിരികുമാർ ആക്ഷേപത്തിനു മറുപടിയുമായെത്തി. ഒടുവിൽ പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടയിലും അജൻഡ കൗൺസിൽ യോഗത്തിൽ പാസാക്കുകയായിരുന്നു.

സ്മാർട്‌സിറ്റി 2.0

കോർപ്പറേഷൻ പരിധിയിലെ വീടുകളിൽനിന്നും മറ്റും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ സംസ്‌കരിക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കുകയാണ് സ്മാർട്‌ സിറ്റി 2.0 യുടെ ലക്ഷ്യം. പൂർണമായും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാക്കി മനുഷ്യവിഭവശേഷി കുറച്ചുള്ള സംസ്‌കരണ സംവിധാനമാണിത്. ആദ്യഘട്ടത്തിൽ മാലിന്യം പുനരുപയോഗിച്ച് വരുമാനമുണ്ടാക്കുന്ന അതേ മാതൃകയിലാണ് രണ്ടാംഘട്ടത്തിലും നടപ്പാക്കുന്നത്.
പദ്ധതിയുടെ ആകെ ചെലവ് 151 കോടി രൂപയാണ്. പദ്ധതിച്ചെലവിന്റെ 80 ശതമാനം ഗ്രാന്റ് ലഭ്യമാകും. ശേഷിക്കുന്ന 20 ശതമാനം കോർപ്പറേഷൻ കണ്ടെത്തണം. മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റീസ്(എം.സി.എഫ്.), മെറ്റീരിയൽ റിക്കവറി ഫെസിലിറ്റീസ്(എം.ആർ.എഫ്.), റിസോഴ്‌സ് റിക്കവറി ഫെസിലിറ്റീസ്(ആർ.ആർ.എഫ്.), റാപ്പിഡ് കമ്പോസ്റ്റിങ് സിസ്റ്റം എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യശേഖരണം, വേർതിരിക്കൽ, സംസ്‌കരണരീതി എന്നിവ കൂടുതൽ കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്ള ജൈവമാലിന്യം സംസ്‌കരിക്കാൻ കൂടുതൽ ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ(ഒ.ഡബ്ല്യു.സി.) സ്ഥാപിക്കും. മാലിന്യം ശേഖരിക്കാനും കൈകാര്യം ചെയ്യാനും കോംപാക്ടർ മെഷീനുകളും വാങ്ങും.