
കോതമംഗലം/കഞ്ഞിക്കുഴി: വനപാലകർ കസ്റ്റഡിയിലെടുത്ത ജെ.സി.ബി. വിട്ടുകിട്ടുന്നതിനായി ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിൽ ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പെട്രോൾ ദേഹത്തൊഴിച്ച് ലൈറ്ററും കൈയിൽപിടിച്ച് ജെ.സി.ബി.യിൽ കയറിയായിരുന്നു നാടകീയരംഗങ്ങൾ. പോലീസും ഫയർഫോഴ്‌സും ഇടപെട്ട് അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കി. ഇടുക്കി പഴയരിക്കണ്ടം ഒഴുകുപാറ പുത്തൻപുരയ്ക്കൽ അജീഷ്‌കുമാർ (സുകു-46) ആണ് വാഹനം വിട്ടുകിട്ടാൻ ആത്മഹത്യാഭീഷണിയുമായി രംഗത്തുവന്നത് .
നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ചിലെ ചെമ്പൻകുഴി നഗരംപാറ സ്റ്റേഷൻ വളപ്പിൽ വ്യാഴാഴ്ച രാവിലെ 11-നാണ് സംഭവം. തന്റെ ജീവനോപാധിയായ ജെ.സി.ബി. വനം അധികൃതർ അന്യായമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് അജീഷ് ജെ.സി.ബി.ക്കുള്ളിൽ കയറി ശരീരത്തിൽ പെട്രോളൊഴിച്ച് പ്രതിഷേധിച്ചത്. 2020-ൽ പാഴ്‌മരങ്ങൾ പിഴുതുമാറ്റിയതിനാണ് വനംവകുപ്പ് വാഹനം കസ്റ്റഡിയിലെടുത്തത്. 500 രൂപ പിഴ ചുമത്തിയ കേസിന് 30 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വാഹനം വർഷങ്ങളായി വിട്ടുനൽകാതെ അധികൃതർ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നാണ് അജീഷിന്റെ ആരോപണം.
പത്തോളം സുഹൃത്തുക്കൾക്കൊപ്പമാണ് അജീഷ് സ്റ്റേഷനിൽ എത്തിയത്. ജെ.സി.ബിയിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയതോടെ ആളുകൾ തടിച്ചുകൂടി. ഫയർ ഫോഴ്‌സും പോലീസും പഞ്ചായത്ത് അധികൃതരും എത്തി മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിൽ ഉച്ചയ്ക്കുശേഷം 2.45-ഓടെയാണ് ഇയാൾ വാഹനത്തിൽനിന്നും ഇറങ്ങിയത്. അടുത്ത ചൊവ്വാഴ്ച രാവിലെ 11-ന് നഗരംപാറ സ്റ്റേഷനിൽവെച്ച് മൂന്നാർ ഡി.എഫ്.ഒ.യുടെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന ഉറപ്പിലാണിത്.
സംഭവത്തിൽ വനംവകുപ്പിന് ഉണ്ടായ നഷ്ടം 500 രൂപ മാത്രമാണെന്ന് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും കോടതി ഉത്തരവുണ്ടായിട്ടുപോലും വാഹനം വിട്ടുകിട്ടിയില്ലെന്ന് അജീഷ് പറയുന്നു. "എന്റെ ജീവനായിരുന്നു ആ വണ്ടി. കുടുംബം പോറ്റിയിരുന്നത് അതുകൊണ്ടാണ്. അഞ്ചുവർഷമായി ഇങ്ങനെ കിടക്കുകയാണ്. ബാങ്ക് വായ്പ അടയ്ക്കാൻ കഴിയുന്നില്ല. മക്കളെ നോക്കാനും വീട്ടുചെലവ് നടത്താനും മാർഗമില്ല. കേസിൽ എന്റെ ജീവിതം മുഴുവൻ നഷ്ടമായി," കണ്ണീരോടെ അജീഷ് പറഞ്ഞു. ഇതുമൂലം വലിയ സാമ്പത്തികബാധ്യതയും കടബാധ്യതയും നേരിടേണ്ടിവന്നെന്നും അദ്ദേഹം ആരോപിച്ചു.
കൈവശ വനഭൂമിയിൽനിന്ന് മണ്ണെടുത്തതിനും മരങ്ങൾ നീക്കം ചെയ്തതിനുമാണ് കേസെടുത്തതെന്നും നിയമലംഘനത്തിനാണ് ജെ.സി.ബി. കസ്റ്റഡിയിലെടുത്തതെന്നും അധികൃതർ പറയുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതുകൊണ്ട് വാഹനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
Content Highlights: A tribal man threatened suicide after forest officials seized his 30-lakh JCB for a 500 rupee fine case.
Published: 10 Jul 2026, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented