നിലമ്പൂര്‍: മലപ്പുറം നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിനു മുന്നില്‍ ആദിവാസികളുടെ ആത്മഹത്യാഭീഷണി. കരുളായി മുണ്ടക്കടവ് ഉന്നതിയിലെ യുവാക്കളാണ് മരത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വനാവകാശ നിയമപ്രകാരം വീട് അനുവദിച്ചുകൊണ്ടുള്ള തീരുമാനം ഉടന്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യാഭീഷണി.
ബാബുരാജ്, വിനീത് എന്നീ രണ്ട് യുവാക്കളാണ് ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളില്‍ കയറിയത്. തിങ്കളാഴ്ച രണ്ടരയോടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ഓഫീസിനോട് ചേര്‍ന്നുള്ള വലിയ മരത്തിന് മുകളിലാണ് ഇവര്‍ കയറിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ആവശ്യപ്പെട്ടിട്ടും ഇവര്‍ താഴെയിറങ്ങാന്‍ തയ്യാറായില്ല. വീട് അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകാതെ താഴെയിറങ്ങില്ല എന്ന നിലപാടിലാണ് ഇവർ.
2018-ലെ പ്രളയത്തില്‍ കരുളായി മുണ്ടക്കടവ് ഉന്നതിയിലെ കുടുംബങ്ങളുടെ വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. അതിനു പിന്നാലെ വനാവകാശ നിയമപ്രകാരം ഇവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം 18 കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചുകൊണ്ട് ഡിഎഫ്ഒ രേഖ ഒപ്പിട്ടുനല്‍കിയിരുന്നു. ബാക്കി ഏതാനും കുടുംബങ്ങള്‍ക്ക് ഇത് ലഭിച്ചിരുന്നില്ല. ഈ കുടുംബങ്ങളാണ് പ്രതിഷേധവുമായി ഡിഎഫ്ഒ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചത്.
കോടതിയുടെ ഉത്തരവ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ നടപടി സ്വീകരിക്കാനാകൂ എന്നാണ് ഡിഎഫ്ഒ നല്‍കുന്ന വിശദീകരണം. വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും അതനുസരിച്ച് നടപടി സ്വീകരിക്കുമെന്നും വിശദീകരണത്തില്‍ പറയുന്നു.
Published: 10 Nov 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented