മൂന്നാർ: കടുത്തപനി ബാധിച്ച് അവശനായ ആളെ കൈയിൽ താങ്ങിയെടുത്ത് വനത്തിലൂടെ ആറ് കിലോമീറ്ററോളം താണ്ടി ആശുപത്രിയിലെത്തിച്ചു. ഇടമലക്കുടിയിൽ കൂടലാർ കുടിയിൽ മാലയപ്പനെയാണ് (64) കുടിക്കാർ ചേർന്ന് രക്ഷപ്പെടുത്തിയത്. മാങ്കുളം സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള മാലയപ്പന്റെ സ്ഥിതി മെച്ചപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രണ്ടുദിവസമായി മാലയപ്പന് പനിയായിരുന്നു. ചൊവ്വാഴ്ച വെളുപ്പിനെ തീരെ അവശനായി. തുടർന്ന് കുടിക്കാർ ചേർന്ന് കൈയിൽ താങ്ങിയെടുത്ത് കാട്ടുവഴിയിലൂടെ ആനക്കുളത്തേക്ക് കൊണ്ടുപോയി. ആനക്കുളത്തുനിന്ന് ആംബുലൻസിൽ മാങ്കുളത്തെ ആശുപത്രിയിൽ എത്തിച്ചു.
ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ 28 ഉന്നതികളാണുള്ളത്. സൊസൈറ്റിക്കുടിയിൽ പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെങ്കിലും കൂടലാർ, മീൻകുത്തി തുടങ്ങിയ ഭാഗങ്ങളിലുള്ളവർക്ക് ഇവിടെയെത്തുന്നതിന് കാട്ടിലൂടെ ഏറെദൂരം നടക്കണം. അതിനാലാണ് ദൂരക്കുറവുള്ള മാങ്കുളം ആനക്കുളം ഭാഗത്തേക്ക് രോഗികളെ കൊണ്ടുപോകുന്നത്. ഓഗസ്റ്റ് 23-ന് കൂടലാർ കുടിയിൽ പനി ബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചിരുന്നു. കുട്ടിയെ എടുത്തുകൊണ്ട് കാട്ടിലൂടെ നടന്ന് ആനക്കുളത്തെത്തിച്ചതിനുശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നാറിൽനിന്ന് സൊസൈറ്റിക്കുടിവരെ മാത്രമേ വാഹനസൗകര്യമുള്ളൂ. തകർന്നുകിടക്കുന്ന റോഡിലൂടെ ഫോർവീൽ ഡ്രൈവ് ജീപ്പിൽ മാത്രമേ യാത്ര ചെയ്യാനുമാകൂ. ഇടമലക്കുടിക്കാർ കാലങ്ങളായി വേണ്ടത്ര ചികിത്സാ സൗകര്യമില്ലാതെ വലയുകയാണ്. കൃത്യമായ സമയത്ത് വിദഗ്ധ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇടമലക്കുടിക്കാർക്ക് പെട്ടെന്ന് എത്തിപ്പെടാൻ പറ്റുന്ന രീതിയിൽ വിദഗ്ധ ചികിത്സ കിട്ടുന്ന ഒരു ആശുപത്രി വേണം. മൂന്നാറിൽപോലും ഇപ്പോൾ അത്തരത്തിലൊരു ആശുപത്രിയില്ല. പനിബാധിതനായ അഞ്ചരവയസ്സുകാരൻ കൃത്യസമയത്ത് വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചത് ആഴ്ചകൾക്കുമുമ്പാണ്. കുട്ടിയെ മണിക്കൂറുകൾ എടുത്തുകൊണ്ട് ഓടി വണ്ടിയെത്തുന്നിടത്ത് എത്തിച്ച് മാങ്കുളത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി അടിമാലിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ആസ്‌മ ബാധിതയായ വീട്ടമ്മയെയും ഇതുപോലെ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്.
Content Highlights: 64-year-old man suffering from high fever was carried 6km through a forest in Idukki
Published: 17 Sept 2025, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented