കാട്ടാക്കട : പശ്ചിമഘട്ട വനമേഖലയിൽ മാത്രം കാണപ്പെടുന്ന ആരോഗ്യപ്പച്ചയെന്ന ഔഷധസസ്യത്തെ പുറംലോകത്തിനു പരിചയപ്പെടുത്തിയ ആദിവാസി സംഘത്തിലൊരാളായ കോട്ടൂർ അഗസ്ത്യവനം ചോനംപാറ ഊരിൽ കുട്ടിമാത്തൻ കാണി(72) അന്തരിച്ചു. അർബുദം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
ആരോഗ്യപ്പച്ചയെന്ന ഔഷധസസ്യത്തെ പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ(ജെഎൻടിബിജിആർഐ) ഗവേഷകർക്കു കാട്ടിക്കൊടുത്തത് കുട്ടിമാത്തൻകാണി, മല്ലൻകാണി, ഈച്ചൻകാണി എന്നിവരുടെ സംഘമായിരുന്നു. പിന്നീട് ജെഎൻടിബിജിആർഐ ആരോഗ്യപ്പച്ച ഉപയോഗിച്ച് ആര്യവൈദ്യ ഫാർമസിയുമായി ചേർന്ന് ‘ജീവനി’ എന്ന മരുന്ന് ഉത്പാദിപ്പിക്കുകയും ഇതിലെ ലാഭവിഹിതം കാണി സമുദായ ക്ഷേമ ട്രസ്റ്റിനു നൽകുകയും ചെയ്തിരുന്നു.
ട്രസ്റ്റാണ് വനഭൂമിയിൽ ആരോഗ്യപ്പച്ച കൃഷിചെയ്ത് കൈമാറിയിരുന്നതും. ട്രസ്റ്റിന്റെ ആജീവനാന്ത എക്സിക്യുട്ടീവ് അംഗംകൂടിയാണ് കുട്ടിമാത്തൻ കാണി. ഈ സംഘത്തിലെ ഈച്ചൻകാണി മാസങ്ങൾക്കു മുൻപാണ് മരിച്ചത്.
2002-ൽ ഐക്യരാഷ്ട്രസഭ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ സംഘടിപ്പിച്ച സുസ്ഥിരവികസനത്തിനായുള്ള ലോക ഉച്ചകോടിയിൽ കുട്ടിമാത്തൻ കാണി പങ്കെടുത്തിരുന്നു. നെൽസൺ മണ്ടേല ഉൾപ്പെടെയുള്ള ലോകനേതാക്കളെ അവിടെവെച്ച് കണ്ടുമുട്ടാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. ഭാര്യ: വസന്ത. മക്കൾ: സുഭാഷിണി, സുരഭി, സുദർശിനി, സുഗതകുമാരി.
നെൽസൺ മണ്ടേലയ്ക്ക് കൈകൊടുത്ത കാണി
ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരേ പോരാടിയ നെൽസൺ മണ്ടേലയെ കണ്ടുമുട്ടാനും അദ്ദേഹത്തിന് കൈകൊടുത്ത് ആദരിക്കാനും അവസരം ലഭിച്ച കുട്ടിമാത്തൻ കാണി, തന്റെ ജീവിതത്തിലെ ഏറ്റവും അസുലഭ നിമിഷം അതായിരുന്നുവെന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്.
2002-ൽ ഐക്യരാഷ്ട്രസഭ ദക്ഷിണാഫ്രിക്കയിലെ െജാഹാനസ് ബർഗിൽ സംഘടിപ്പിച്ച സുസ്ഥിരവികസനത്തിനായുള്ള ഭൗമ ഉച്ചകോടിയിൽ പങ്കെടുത്തപ്പോഴാണ് കുട്ടിമാത്തൻ കാണി തന്റെ പ്രിയപ്പെട്ട നേതാവ് നെൽസൺ മണ്ടേലയെ കണ്ടുമുട്ടിയത്. കേരളത്തിലെ ആദിവാസി ഊരുകളിൽനിന്ന് ഭൗമ ഉച്ചകോടിയിൽ പങ്കെടുത്ത ആദ്യത്തെ ആളാണ് കോട്ടൂർ ചോനംപാറ ഊരിലെ കുട്ടിമാത്തൻ കാണി.
കാണിക്കാരുടെ ആരോഗ്യപ്പച്ചയെന്ന(ചാത്തൻ കിഴങ്ങ്) അത്ഭുത സസ്യത്തെ ലോകത്തിനു പരിചയപ്പെടുത്തിയ ആദിവാസികളിൽ പ്രധാനി.
ഈ ഭൗമ ഉച്ചകോടിയിൽ െവച്ചാണ് പ്രഥമ 'ഇക്വേറ്റർ ഇനിേഷ്യറ്റീവ്' പുരസ്കാരം കേരള കാണി കമ്യൂണിറ്റി വെൽഫെയർ ട്രസ്റ്റിനായി കുട്ടിമാത്തൻ കാണി ഏറ്റുവാങ്ങിയത്. ചെറുപ്പത്തിൽ പട്ടിണി കാരണം ചാത്തൻ കിഴങ്ങ് തിന്ന് ജീവനൊടുക്കാൻ തീരുമാനിച്ച കുട്ടിമാത്തനാണ് 49-ാം വയസ്സിൽ അതേ ചാത്തൻ കിഴങ്ങ് (ആരോഗ്യപ്പച്ച) കാരണം ലോകമറിഞ്ഞ ആളായത്.
കുട്ടിമാത്തൻ കാണി ഉൾപ്പെടുന്ന കേരള കാണി കമ്യൂണിറ്റി വെൽഫെയർ ട്രസ്റ്റിനു കീഴിൽ അഗസ്ത്യവനത്തിൽ ആരോഗ്യപ്പച്ച കൃഷി തുടങ്ങി.
ഈ ട്രസ്റ്റിന്റെ ആദ്യകാല സെക്രട്ടറിയും ആജീവനാന്ത അംഗവുമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തദ്ദേശീയ ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തിനും സുസ്ഥിരവികസനത്തിലൂടെയുള്ള ദാരിദ്ര്യലഘൂകരണ സാമൂഹികശ്രമങ്ങൾക്കുമായുള്ള പുരസ്കാരം കാണിസമൂഹത്തെ തേടിയെത്തിയതും കുട്ടിമാത്തൻ കാണിക്ക് ഭൗമ ഉച്ചകോടിയിലേക്കു ക്ഷണം ലഭിക്കുന്നതും.
നാട്ടിലെ പുരോഗമനപ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. അർബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു.
രണ്ടു ദിവസം മുൻപാണ് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെ അന്തരിച്ചു.
Content Highlights: Traditional Healer Kuttimathan Kani, Discoverer of Arogyapacha, Passes Away
Published: 24 Aug 2025, 06:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented