കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും പോലീസിനെ കാവല്‍നിര്‍ത്തി മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് പി. ജയരാജനും സ്പീക്കര്‍ എ.എന്‍. ഷംസീറും. സംഭവത്തില്‍ നടപടിയെടുക്കുമെന്നും അതാണ് സര്‍ക്കാര്‍ നയമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടിയെടുക്കും. അതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ നയം. ഗവണ്‍മെന്റ് കര്‍ശനമായ നടപടി എടുത്തിട്ടുണ്ട്. കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി. അതാണ് പിണറായി സര്‍ക്കാരിന്റെ പ്രത്യേകത. തെറ്റ് ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊടിസുനിയും സംഘവും നടത്തിയ മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതാണെന്ന് സ്പീക്കര്‍ എ. എന്‍. ഷംസീര്‍ പറഞ്ഞു. ജയില്‍ചട്ടങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലിനകത്ത് മദ്യപിച്ചതായി എന്റെ ശ്രദ്ധയിലില്ല. ജയിലിന്റെ പുറത്തുനിന്ന് കഴിച്ചതായി അറിഞ്ഞു. അതൊരിക്കലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ആരെങ്കിലും ജയില്‍ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഗൗരവത്തില്‍ത്തന്നെ കണ്ട് ആവശ്യമായ നടപടി എടുത്തിട്ടുണ്ട്, ഷംസീര്‍ പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും പോലീസിനെ കാവല്‍നിര്‍ത്തി മദ്യപിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. തലശ്ശേരി കോടതിയില്‍നിന്ന് വരുന്ന വഴിയാണ് പ്രതികള്‍ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ മദ്യപിക്കാന്‍ അവസരമൊരുക്കുകയായിരുന്നു.

തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയില്‍നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്. സംഘത്തില്‍ ടി.പി. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജുമുണ്ടായിരുന്നു. മദ്യപാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതികള്‍ക്ക് അകമ്പടി പോയ എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.