കൊടി സുനി സഹതടവുകാരന്റെ ഫോൺ കാർഡ് തട്ടിയെടുത്ത് മറ്റൊരാളെ ഫോൺ വിളിക്കുകയായിരുന്നു.

തവനൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി തവനൂർ സെൻട്രൽ ജയിലിൽ അനധികൃതമായി ഫോൺ ഉപയോഗിച്ചതായി കണ്ടെത്തി. സഹതടവുകാരന്റെ ഫോൺ കാർഡ് ആണ് ഉപയോഗിച്ചത്. ജയിൽ തടവുകാർക്ക് അധികൃതർ അനുവദിക്കുന്ന ഫോൺ കാർഡ് ഉപയോഗിച്ച് പരമാവധി മൂന്ന് നമ്പറുകളിൽ ബന്ധപ്പെടാനാവും. പോലീസ് നിരീക്ഷണത്തിൽ മാത്രമേ ഫോൺ വിളിക്കാനാവുകയുള്ളൂ. എന്നാൽ, കൊടി സുനി സഹതടവുകാരന്റെ ഫോൺ കാർഡ് തട്ടിയെടുത്ത് മറ്റൊരാളെ ഫോൺ വിളിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഉദ്യോഗസ്ഥൻ ജയിൽ സൂപ്രണ്ടിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്മേൽ കൂടുതൽ അന്വേഷണത്തിന് ജയിൽ സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്.
നേരത്തെ ജയിൽ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കൊടി സുനിക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തിരുന്നു. തവനൂർ ജയിലിലെ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. കയ്യിൽ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് കഴിഞ്ഞമാസം 11-ന് ജയിൽ ഉദ്യോഗസ്ഥർ കൊടി സുനിയോട് പറഞ്ഞിരുന്നു. അനുസരിക്കാൻ തയ്യാറാവാത്തതിനാൽ കർശന നിർദേശം നൽകി. ഇതോടെ ചരട് ഊരി ജയിൽ പ്രിസൺ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു. കഴിഞ്ഞദിവസം വീണ്ടും കയ്യിൽ ചരട് കെട്ടി. ഇതൊഴിവാക്കാൻ നിർദേശിച്ചപ്പോൾ ജയിൽ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കയ്യിൽ ചരടു കെട്ടുന്നത് വിലക്കിയതിന്റെ പേരിൽ വ്യാജ പരാതി നൽകുമെന്നും കുടുംബത്തെയടക്കം കൊല്ലുമെന്നും കൊടി സുനി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
കൊടിസുനി ജയിലിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പരാതി ഏറെക്കാലമായി തുടരുന്നുണ്ട്. ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽക്കഴിഞ്ഞിരുന്ന കൊടി സുനിയെ 2023 നവംബർ ഒൻപതിനാണ് ആദ്യമായി തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയത്. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ സഹതടവുകാരുമായി ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചതായിരുന്നു കാരണം. ജയിലിൽ മൊബൈൽഫോൺ ഉപയോഗിച്ചതിനും ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചതിനും സുനിക്കെതിരേ കേസുണ്ട്. ജയിൽ ഉദ്യോഗസ്ഥരെ മർദിച്ച കേസിലും പ്രതിയാണ് സുനി.
തവനൂരിലെത്തിയിട്ടും കൊടി സുനിയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായില്ല. ജയിൽ ജീവനക്കാരുമായി തട്ടിക്കയറുന്നത് ഇയാളുടെ പതിവുരീതിയാണ്. ഇതോടെ സുനിയെ അതിസുരക്ഷയിലുള്ള ഏതെങ്കിലും ജയിലിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മേലുദ്യോഗസ്ഥർക്ക് കത്തുനൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
കൊടി സുനിക്ക് ജയിലിനകത്തും പുറത്തും സഹായം ലഭിക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് നേരത്തെ ഡിഐജി വി. ജയകുമാറിന്റെ മേൽനോട്ടത്തിൽ ജയിലിൽ മിന്നൽപരിശോധന നടത്തിയിരുന്നു. മൊബൈൽഫോണും മറ്റും പരിശോധനയിൽ കണ്ടെടുത്തിരുന്നു.
Content Highlights: Kodi Suni caught using an unauthorized phone card in Tavanur Central Jail., The convict misused a fellow prisoner's phone access card., Jail authorities have launched a formal investigation into the security breach., Prison rules strictly limit calls to three pre-approved numbers under police surveillance.
Published: 01 Jul 2026, 01:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented