തിരുവനന്തപുരം: ദേശീയപാതകളിലേതു പോലെ കിഫ്ബി റോഡുകളിലും ടോൾ പിരിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഇടതുനയത്തിനു വിരുദ്ധം.ദേശീയപാതകളിലെ ടോൾ പിരിവിനെ അതിരൂക്ഷമായി വിമർശിച്ച പാർട്ടിയാണ് സി.പി.എം. മഹാരാഷ്ട്രയിലും മറ്റും ദേശീയപാതയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾക്കും നേതൃത്വംനൽകി.
കേരളത്തിൽ ദേശീയപാതാ വികസത്തിനുള്ള ചർച്ചകൾ തുടങ്ങിയ വേളയിലും ടോൾ പിരിവിനെ സി.പി.എം. എതിർത്തിരുന്നു. ഇതിനെല്ലാം പുറമേ, ഒന്നാം പിണറായി സർക്കാരിൽ പൊതുമരാമത്തു മന്ത്രിയായിരുന്ന ജി. സുധാകരൻ സംസ്ഥാനപാതകളിൽ ടോൾ വേണ്ടെന്നും തീരുമാനിച്ചു. ഇങ്ങനെ, ഏറെക്കാലമായി സി.പി.എം. പിന്തുടരുന്ന നയത്തിലാണ് ഇപ്പോഴത്തെ പൊളിച്ചെഴുത്ത്.
2019 ജൂൺ 14-ന് നിയമസഭയിൽ, കിഫ്ബി നടപ്പാക്കുന്ന പദ്ധതികളിൽനിന്ന് വരുമാനം ലഭ്യമാക്കാൻ യൂസർഫീയോ ടോളോ പിരിക്കുന്ന കാര്യം ആലോചനയിലുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടി. ടോൾ പിരിവ് ഉൾപ്പെടെയുള്ള വരുമാനമാർഗങ്ങളാവാമെന്ന് കിഫ്ബി നിയമം അനുശാസിക്കുന്നുണ്ടെങ്കിലും സി.പി.എമ്മിന്റെ പ്രഖ്യാപിത നയമനുസരിച്ചായിരുന്നു കേന്ദ്രകമ്മിറ്റിയംഗമായ തോമസ് ഐസക്കിന്റെ മറുപടി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷവും ടോൾ പിരിവിനെതിരേ നിലപാട് വ്യക്തമാക്കി സി.പി.എം. പൊളിറ്റ്ബ്യൂറോ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ റോഡ് ടോൾ ടാക്സ് അഞ്ചുശതമാനമായി കേന്ദ്രസർക്കാർ വർധിപ്പിച്ചെന്നും ജനങ്ങളുടെ യാത്രച്ചെലവിനു പുറമേ, നിത്യോപയോഗ സാധനങ്ങൾക്കും വില കൂടുമെന്നും വിമർശിച്ചു. 2024 ജൂൺ മൂന്നിനാണ് ഈ പ്രസ്താവന.
ഈ നിലപാടുകളെല്ലാം കാറ്റിൽ പറത്തിയാണ് സർക്കാരിന്റെ നയംമാറ്റം. 50 കോടിയിലേറെ മുതൽമുടക്കി നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിക്കാനുള്ള സാധ്യതാപഠനം നടത്തുകയാണ് കിഫ്ബി. വരുമാനമാർഗമുണ്ടാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവാനാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള ഉന്നതതലയോഗത്തിന്റെ അനുമതി.
എൽ.ഡി.എഫിൽ ആലോചിച്ചെന്ന് കൺവീനർ; തള്ളാതെ എം.വി. ഗോവിന്ദനും ധനമന്ത്രിയും
തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ ടോൾ പിരിക്കുന്നതിനെക്കുറിച്ച് എൽ.ഡി.എഫിൽ ആലോചന നടന്നിട്ടുണ്ടെന്ന് ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ. അതേസമയം, ഇക്കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനും ധനമന്ത്രി കെ.എൻ. ബാലഗോപാലും പ്രതികരിച്ചു.
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ വൻകിട പദ്ധതികളിൽനിന്ന് വരുമാനമുണ്ടാക്കാനുള്ള സംവിധാനം സംസ്ഥാനം ഉപയോഗിക്കേണ്ടിവരുമെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ടോൾ പിരിവിന്റെ കാര്യം മന്ത്രിസഭയിൽ വരട്ടെയെന്നും അപ്പോൾ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിനായി കടംവാങ്ങി പദ്ധതികൾ ആസൂത്രണംചെയ്യുകയാണ് കിഫ്ബിയെന്നും അതിന്റെ ഭാഗമായി എന്തൊക്കെ ചെയ്യേണ്ടിവരുമെന്നത് ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കിഫ്ബി റോഡുകളിലെ ടോൾ പിരിവിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ഏതൊക്കെത്തരത്തിൽ റവന്യു വരുമാനമുണ്ടാക്കാനുള്ള പരിശോധന നടക്കുന്നുവെന്നാണ് പറഞ്ഞത്. കിഫ്ബിക്ക് റവന്യു വരുമാനമുണ്ടാക്കുന്ന പ്രവർത്തനം വേണമെന്നുണ്ട്. നമ്മൾ പണിയുന്നതെല്ലാം സൗജന്യമായി കൊടുക്കാനാവില്ല. വലിയ പലിശയ്ക്കെടുക്കുന്ന വായ്പയാണ് ഇതിനൊക്കെ ഉപയോഗിക്കുന്നത്. അതുകൊണ്ട് എവിടെനിന്നൊക്കെ വരുമാനമുണ്ടാക്കാനാവുമെന്ന് പരിശോധിക്കേണ്ടിവരും -ധനമന്ത്രി തുടർന്നു.
Content Highlights: toll on kiifb roads kerala government against cpm policy
Published: 05 Feb 2025, 06:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented