ടുത്ത മത്സരങ്ങൾ നടക്കുന്ന കുടമാറ്റവും വെടിക്കെട്ടുമില്ലാത്ത തൃശ്ശൂർ പൂരത്തെ കുറിച്ച് ചിന്തിക്കാനാവില്ല. തേക്കിൻകാട് മൈതാനിയെ വിറപ്പിച്ച് ആകാശത്ത് വിസ്മയം തീർക്കുമ്പോൾ പാറമേക്കാവിനും തിരുവമ്പാടിക്കും വേണ്ടി ആർപ്പുവിളിക്കുന്നത് ആയിരങ്ങളാണ്. ആളുകളെ ഞെട്ടിക്കാൻ പുതിയ പരീക്ഷണങ്ങൾ ഇരുകൂട്ടരും നടത്താറുണ്ട്. സാംപിൾ വെടിക്കെട്ട് വരെ ആ രഹസ്യം ആരുമറിയില്ല. അതീവ രഹസ്യമായിട്ടാണ് വെടിമരുന്ന് തയ്യാറാക്കുന്നതും പൊട്ടിക്കുന്നതും. പരിചയമില്ലാത്തവരെയോ മറുപക്ഷക്കാരെയോ വെടിക്കെട്ട് പുരയിയിലേക്ക് അടുപ്പിക്കുക പോലുമില്ല.

To advertise here,

എന്നാൽ ഇതിനൊരു മാറ്റം വന്നത് 2024-ലാണ്. പൂരത്തിന് സൗഹൃദത്തിന്റെ വെടിക്കൊട്ടുരുക്കിയത് മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷാണ്. സാങ്കേതിക പ്രശ്നം മൂലം പാറമേക്കാവിന്റെ വെടിക്കെട്ട് കരാറുകാരന് ലൈസൻസ് നൽകാൻ പ്രയാസം വന്നതോടെ കളക്ടർ ചർച്ച നടത്തുകയും ഇരുദേവസ്വങ്ങളുടെയും സഹകരണം അഭ്യർഥിക്കുകയായിരുന്നു. അങ്ങനെ ആദ്യമായി സൗഹൃദത്തിന്റെ പൂരത്തിന് അരങ്ങൊരുങ്ങി. 2011 മുതൽ തിരുവമ്പാടിയുടെ കരാറുകാരനായ സതീഷിനെ ആ ദൗത്യം ഏൽപ്പിച്ചു. സതീഷ് അത് ഭംഗിയായി നിർവഹിച്ച് ഒരു പുതിയ ചരിത്രം കുറിക്കുകയും ചെയ്തു.

ഇക്കുറിയും സതീഷ് തന്നെയായിരുന്നു പൂരം വെടിക്കെട്ടിന്റെ കരാറുകാരൻ. എന്നാൽ, ഇത്തവണ തിരുവമ്പാടി ദേവസ്വത്തിനുവേണ്ടി മാത്രം വെടിക്കെട്ട് ഒരുക്കാനുള്ള നിയോഗമാണ് സതീഷിനുണ്ടായിരുന്നത്. ഇതിനുവേണ്ടി സതീഷ് നാൽപതോളം പേരുടെ സഹായത്തോടെ ഒരുക്കിക്കൊണ്ടിരുന്ന ഗുണ്ടുകളും അമിട്ടുകളുമാണ് ചൊവ്വാഴ്ച മുണ്ടത്തിക്കോട് പാടത്ത് വെടിപ്പുരകളോടെ പൊട്ടിത്തെറിച്ച് 12 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിൽ കലാശിച്ചത്. ദുരന്തത്തിൽ സതീഷിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

വർഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്ന മുണ്ടത്തിക്കോട് മണിയുടെ മകനാണ് സതീഷ്. അച്ഛന്റെ മരണത്തെ തുടർന്നാണ് സതീഷ് ഈ ചുമതല ഏറ്റെടുത്തത്. ഉത്രാളിക്കാവ്, കുറ്റിയങ്കാവ് പൂരങ്ങളിലെ വെടിക്കെട്ടുകൾ ചെയ്ത് കൈവഴക്കം വന്ന ഈ 46-കാരൻ തൃശ്ശൂരിലും മറ്റ് പ്രദേശങ്ങളിലും പ്രധാന പൂരങ്ങൾക്ക് ചുക്കാൻപിടിക്കുന്ന വ്യക്തി കൂടിയായിരുന്നു.

സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് പരിസരവാസികൾ ആദ്യം ഭൂകമ്പമാണെന്നാണ് കരുതിയത്. അത്രയും വലിയ ശബ്ദത്തിലാണ് എല്ലാം പൊട്ടിത്തെറിച്ചത്. സമീപത്തുള്ള പാടങ്ങളിലേക്കെല്ലാം ആളുകളുടെ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചു. പരിക്കേറ്റവരുടെ അവസ്ഥ ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നതാണ് ആശങ്കപ്പെടുത്തുന്നത്. സ്ഫോടനത്തെ തുടർന്ന് വെടിക്കെട്ട് സാമഗ്രികൾ പാടത്തേക്ക് തെറിച്ചുവീണ് പൊട്ടിക്കൊണ്ടിരിക്കുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഉഗ്രസ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ ദൂരേക്ക് തെറിച്ച് വീഴുന്നതിനാൽ സുരക്ഷ മുൻനിർത്തി ആരേയും ഉള്ളിലേക്ക് കടത്തിവിടുന്നില്ല.