
തൃശ്ശൂർ: സിസിടിവി ദൃശ്യങ്ങൾ ചോദിച്ച് ഒരു വിവരാവകാശ അപേക്ഷ നൽകിയാൽ പരമാവധി കാലാവധിയായ 30-ാം ദിവസമേ പോലീസ് സ്റ്റേഷനിൽനിന്ന് മറുപടി ലഭിക്കൂ. ദൃശ്യങ്ങൾ നൽകാനാവില്ലെന്ന മറുപടി തരാനാണ് ഇത്രയും ദിവസം വൈകിപ്പിക്കുന്നത്. അപ്പീൽ അധികാരിയായ അസിസ്റ്റന്റ് കമ്മിഷണറെ സമീപിച്ചാൽ ഇവിടെയും ഇതേ മറുപടിക്കായി 30 ദിവസം കാത്തിരിക്കേണ്ടിവരും.
ജില്ലയിലെ വിവരാവകാശകമ്മിഷൻ സിറ്റിങ് അടുത്താണ് കഴിഞ്ഞതെങ്കിൽ അടുത്ത അപ്പീൽ പരിഗണിക്കാൻ നാലുമാസംവരെ ഇവിടെയും കാത്തിരിക്കേണ്ടിവരും. ഇതിനിടെ നേരിടാത്ത സമ്മർദങ്ങളുണ്ടാവില്ല- പോലീസുകാരുടെ ഭാഗത്തുനിന്ന്, രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്ന്, പിന്നെ പണം വാഗ്്ദാനംചെയ്ത് മറ്റൊന്നും. പരാതി നൽകിയവരുടെയും പിന്നിൽ പ്രവർത്തിക്കുന്നവരുടെയും മുൻകേസുകളെല്ലാം ചികയാൻ ശ്രമിക്കും.
നൂറുകണക്കിന് മർദനപരാതികൾ ഉള്ളപ്പോഴും വിരലിലെണ്ണാവുന്ന ദൃശ്യങ്ങൾ മാത്രമാണ് പുറത്തുവന്നത്. അതേസമയം, പോലീസിന്റെ നിരപരാധിത്വം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ മണിക്കൂറുകൾക്കകം പുറത്തുവരുകയും ചെയ്യും.
തൃശ്ശൂർ പനങ്ങാട് കിള്ളിക്കുളങ്ങര വീട്ടിൽ സ്വാതി 2024 ഒക്ടോബർ 20-ലെ വലപ്പാട് പോലീസിനെതിരേ നൽകിയ പരാതിയിൽ സിസിടിവിദൃശ്യങ്ങൾ നൽകാൻ വിവരാവകാശകമ്മിഷൻ ഉത്തരവിട്ടത് 2025 നവംബർ 11-നാണ്. ഇത് പരാതിക്കാരിക്ക് കിട്ടുന്നത് ഡിസംബർ അഞ്ചിനും. ഇനിയും ഒരുമാസംകൂടി കാത്തുനിന്നാൽ മാത്രമേ ദൃശ്യങ്ങൾ ലഭിക്കൂ. 30 ദിവസത്തിനകം ദൃശ്യങ്ങൾ നൽകണമെന്നാണ് ഉത്തരവിലുള്ളതെന്നതിനാൽ പോലീസ് അതുവരെ വൈകിപ്പിക്കുമെന്ന് സ്വാതിയുടെ ഭർത്താവും പോലീസ് മർദനത്തിന് ഇരയുമായ റിജിത്ത് പറയുന്നു.
അനാവശ്യ കാരണങ്ങൾപറഞ്ഞ് ദൃശ്യങ്ങൾ വൈകിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരേ പരാതിനൽകാൻ ഒരുങ്ങുകയാണ് പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ഉടമ കെ.പി. ഔസേപ്പ്. പീച്ചിപോലീസിനെതിരേ ഇദ്ദേഹം നൽകിയ പരാതിയിൽ 15 മാസത്തിനുശേഷമാണ് ദൃശ്യങ്ങൾ ലഭിച്ചത്. പോലീസ് ആദ്യമായി സിസിടിവി ദൃശ്യം നൽകാൻ നിർബന്ധിതരായതും ഇദ്ദേഹത്തിനാണ്.
പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഓവർസൈറ്റ് കമ്മിറ്റികൾ വേണമെന്ന് സുപ്രീംകോടതി നിർദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. കളക്ടർ, പോലീസ് കമ്മിഷണർ, തദ്ദേശസ്ഥാപനമേധാവി എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഇതിൽ അംഗങ്ങളാകേണ്ടത്.
39 കോടികൊണ്ട് എന്തുപ്രയോജനം: 39 കോടിമുടക്കിയാണ് കേരളത്തിലെ 520 പോലീസ് സ്റ്റേഷനുകളിൽ ക്യാമറകൾ സ്ഥാപിച്ചത്. 2022-ൽ ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും ദൃശ്യങ്ങൾ ഇരകൾക്ക് ലഭിച്ചുതുടങ്ങിയത് 2025-ലാണ്.
Content Highlights: Discover how RTI requests for CCTV footage from Thrissur police stations face significant delays, impacting justice for victims. Learn about the challenges and legal recourse.
Published: 22 Dec 2025, 06:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented