തൃശ്ശൂർ: ‘‘പാർട്ടിക്ക് പ്രവർത്തിക്കാൻ ഫണ്ട് ആവശ്യമാണെന്നറിയാമല്ലോയെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് ചോദിച്ചു. എന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞു. പണം ഉണ്ടാക്കാനായി ഇത്രയും കാലം പൊതുപ്രവർത്തനത്തെ ഉപയോഗിച്ചിട്ടില്ലെന്ന് മറുപടി നൽകി’ -തൃശ്ശൂർ കോർപ്പറേഷനിലെ മേയർ തീരുമാനത്തിന് നേതൃത്വം പണം ചോദിച്ചെന്ന ഗുരുതര ആരോപണവുമായി മുതിർന്ന കൗൺസിലർ ലാലി ജെയിംസ്. ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി മേയർ തിരഞ്ഞെടുപ്പുദിവസം രാവിലെത്തന്നെ അവർ മാധ്യമങ്ങൾക്കു മുന്നിലെത്തുകയായിരുന്നു. അതേസമയം, ആരോപണങ്ങൾ നിഷേധിച്ച നേതൃത്വം, രാത്രിയോടെ ലാലിയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.

To advertise here,

ലാലിയുടെ ആരോപണം ഇങ്ങനെ: ‘‘തീരുമാനം എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നറിയില്ല. മൂന്നു ദിവസം മുൻപ് ഡിസിസിയിലേക്ക് വിളിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് പാർട്ടിക്ക് പ്രവർത്തിക്കാൻ ഫണ്ട് ആവശ്യമാണെന്ന് അറിയാമല്ലോ എന്നുചോദിച്ചത്. രണ്ടുദിവസം മുൻപ് രാത്രിയും വിളിപ്പിച്ചിരുന്നു. ടി.എൻ. പ്രതാപൻ, എം.പി. വിൻസെന്റ്, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവർ അവിടെ ഉണ്ടായിരുന്നു. ആദ്യത്തെ ഒരു വർഷംമാത്രം മതി, ബാക്കി നാലുവർഷം മറ്റൊരാൾക്ക് കൊടുത്തോളൂവെന്നുമാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്. അത് നടക്കില്ലെന്നും രണ്ടോ മൂന്നോ ടേമിലേക്ക് പരിഗണിക്കാമെന്നും നേതാക്കൾ അറിയിച്ചു. ഒടുവിൽ നിജി ജസ്റ്റിനെ അംഗീകരിക്കുകയാണെങ്കിൽ മുൻ ഡെപ്യൂട്ടി മേയർ കൂടിയായ സുബി ബാബുവിന് രണ്ടാംഘട്ടം കൊടുത്തോളൂ എന്നെ ഒഴിവാക്കിക്കോളൂവെന്നും ഞാൻ പറഞ്ഞു.

‘‘എന്റെ കൈയിൽ നൽകാൻ ചില്ലിക്കാശില്ല. പാർട്ടി ഫണ്ടോ മറ്റു കാര്യങ്ങളോ കൊടുക്കാൻ തയ്യാറുള്ള ഒരാളെ തിരഞ്ഞെടുത്തുവെന്ന് എനിക്ക് സംശയം ഉണ്ട്. പണവുമായി ഭാര്യയും ഭർത്താവും പോകുന്നുവെന്ന് പുറത്തുള്ളവർ പറഞ്ഞിരുന്നു. എനിക്കിപ്പോൾ സംശയമുണ്ട്’’ -ലാലി ജെയിംസ് പറഞ്ഞു.

ലാലിയുടെ ആരോപണത്തിനു പിന്നാലെ മാധ്യമങ്ങളെ കണ്ട ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് എല്ലാം നിഷേധിച്ചു. നേരത്തേ മേയർ സ്ഥാനത്തേക്ക് പ്രഥമ പരിഗണനയിലുണ്ടായിരുന്ന പേരാണ് ലാലി ജെയിംസിന്റേത്.

രാവിലെ മേയർ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് വിപ്പ് സ്വീകരിക്കാൻ ലാലി തയ്യാറായില്ല. എങ്കിലും 10.30-ന് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ അവരെത്തി. ഡോ. നിജി ജസ്റ്റിനുതന്നെ വോട്ട് ചെയ്തു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലാലി ജെയിംസിനെ സസ്പെൻഡ് ചെയ്തതെന്ന് കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.