തൃശ്ശൂർ: എന്തും താങ്ങും ഒല്ലൂർ സ്വദേശി കെ.ആർ. ജോൺ പോളിന്റെ ഈ ‘വിശ്വവിഖ്യാത മൂക്ക്’. 500 രൂപ നോട്ടുമുതൽ കത്തിവരെ ഈ മൂക്കിൻതുമ്പിൽ ‘സേഫ്’ ആണ്. മരംമുറിക്കുന്ന മെഷീനും ഏണിയും സൈക്കിളും താടിയിലും നെറ്റിയിലും ‘ബാലൻസ്’ ചെയ്യലും ഈ യുവാവിന് നിസ്സാരമാണ്. ഇങ്ങനെ അഞ്ചു വർഷത്തിനിടെ അഞ്ചു ഗിന്നസ് റെക്കോഡുകളും ജോൺ പോൾ സ്വന്തമാക്കി. അഞ്ചാമത് ഗിന്നസ് റെക്കോഡ് നേടിയത് ചെറിയ കടലാസ് മൂക്കിൽ 6.30 മിനിറ്റ് ബാലൻസ് ചെയ്തുപിടിച്ചാണ്. 2000-ത്തിൽ ഫ്രാൻസിലെ പാരിസ് സ്വദേശി സ്മെയിന്റെ അഞ്ചുമിനിറ്റിനെ മറികടന്നായിരുന്നു റെക്കോഡ്.

To advertise here,

ആയോധനകലാ പരിശീലനാണ് ഇദ്ദേഹം. ‘പതിറ്റാണ്ടുകളായി ഭേദിക്കാൻ പറ്റാത്ത ഗിന്നസുകൾ മറികടക്കലാണു ലക്ഷ്യം.- ജോൺ പോൾ പറഞ്ഞു.

ഇദ്ദേഹം ആദ്യ ഗിന്നസ് നേടിയത് മുട്ട കൈയിൽ പിടിച്ച് പൊട്ടാതെ 52 ശീതളപാനീയങ്ങളുടെ കാനുകൾ 30 സെക്കൻഡിൽ പൊട്ടിച്ചാണ്. ഒരൊറ്റ നഞ്ചക്ക് വീശലിൽ 50 മെഴുകുതിരി അണച്ച് രണ്ടാം റെക്കോഡ് നേടി. തലയിൽവെച്ച 55 തേങ്ങ ഒരുമിനിറ്റിൽ നഞ്ചക്കുപയോഗിച്ചു പൊട്ടിച്ചും ഒരുമിനിറ്റിൽ 136 തവണ നഞ്ചക്ക് വീശിയും ജോൺ റെക്കോഡുകളുടെ എണ്ണം കൂട്ടി. പുതിയ ചില പ്രകടനങ്ങൾക്കുകൂടി പദ്ധതിയുണ്ടെന്നും പൊതുവേദിയിൽ പ്രകടനം നടത്താനാണ് ആഗ്രഹമെന്നും ജോൺ പറഞ്ഞു.

പ്ലാവില മൂക്കിൽ ബാലൻസ് ചെയ്തും രണ്ടു കസേരയിൽ കയറിനിന്ന് കസേര ബാലൻസുചെയ്തും ഇദ്ദേഹം വേദികളിൽ കൈയടി നേടി. ചെറുകിട വ്യവസായത്തിന്റെ സംരംഭകൻ കൂടിയാണ് ജോൺ. അവിണിശ്ശേരി കൊടിയത്ത് കെ.ഒ. രാജന്റെയും എ.ഒ. കൊച്ചുത്രേസ്യയുടെയും മകനാണ്. സഹോദരൻ കെ.ആർ. തിമോത്തിയോസ്.