
തൃശ്ശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾക്കെതിരേ തൃശ്ശൂർ ആറാട്ടുപുഴ ക്ഷേത്രത്തിന് മുമ്പിൽ പ്രതീകാത്മകമായി പൂരം നടത്തി പ്രതിഷേധം. ശാസ്താവിന്റെ എഴുന്നള്ളിപ്പ് നടക്കുന്ന ക്ഷേത്രമുറ്റത്ത് 15 ആനകളുടെ ചമയം, കൈപന്തം, പഞ്ചാരിമേളം എന്നിവ നിരത്തിയായിരുന്നു പൂരം സംഘടിപ്പിച്ചത്. പ്രതിഷേധ പൂരത്തിൽ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം നടത്തി. ആനകളുടെ നെറ്റിപ്പട്ടവും വെൺചാമരവും ആലവട്ടവും മുത്തുക്കുടയും അലങ്കാരങ്ങളും നിരത്തിയാണ് പ്രതീകാത്മക പൂരം നടന്നത്.
101 ആനകൾ നിരന്നുനിന്നിരുന്ന കാലമുണ്ടായിരുന്നു ആറാട്ടുപുഴ പൂരത്തിനെന്നും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതോടെ തൃശൂർപൂരത്തിനേക്കാൾ പഴമയുള്ള ആറാട്ടുപുഴ പൂരത്തിന്റെ ശോഭ കെട്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് പ്രതീകാത്മക പൂരം നടത്തുന്നതെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സി. സുധാകരൻ, വൈസ് പ്രസിഡന്റ് കെ. വിശ്വനാഥൻ, സെക്രട്ടറി കെ. രഘുനന്ദനൻ,ജോയിന്റ് സെക്രട്ടറി രവി ചക്കോത്ത്, ട്രഷറർ കെ.കെ. വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി. നിലവിലെ വ്യവസ്ഥകൾ പാലിച്ച് ആറാട്ടുപുഴ പൂരം ഉൾപ്പെടെയുള്ള പൂരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും പരമ്പരാഗത രീതിയിൽ നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും സമിതി പറഞ്ഞു.
ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു. രണ്ട് ആനകൾ തമ്മിൽ മൂന്ന് മീറ്റർ പരിധി വേണമെന്നും ആന എഴുന്നള്ളിപ്പ് ക്ഷേത്ര ആചാരത്തിന്റെ ഭാഗമല്ലെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്. മാനദണ്ഡത്തിൽ ഇളവ് തേടി കോടതിയെ സമീപിച്ച തൃപ്പൂണിത്തറ ക്ഷേത്രം ഭാരവാഹികളുടെ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
വിഷയവുമായി ബന്ധപ്പെട്ട് ഒരു ചട്ടം കൊണ്ടുവരണമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും സർക്കാർ ഇതിൽ ഇടപെട്ടിരുന്നില്ല. ഇതോടെയാണ് ഹൈക്കോടതിതന്നെ മാനദണ്ഡം കൊണ്ടുവന്നത്. സർക്കാരിന്റെ ചട്ടം വരുന്നതുവരെ ഇത് പാലിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Content Highlights: thrissur arattupuzha temple conducted symbolic pooram without elephants against highcourt verdict
Published: 07 Dec 2024, 07:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented