
കുട്ടനാട്: അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ ഒഴുക്ക് നിലച്ച തോട്ടപ്പള്ളി സ്പിൽവേ ഭാഗത്തുനിന്ന് മാലിന്യം നീക്കാൻ ശ്രമം. മരവും മണ്ണും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടി ഇതുവഴിയുള്ള ഒഴുക്ക് ഭാഗികമായി നിലച്ചിരുന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി തോട്ടപ്പള്ളിയിൽ പുതിയ പാലം നിർമിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ച് തോട്ടപ്പള്ളി സ്പിൽ വേയ്ക്ക് സമാന്തരമായി പാലം നിർമിച്ചിരുന്നു. ഇരുമ്പുതട്ടുകളും കമ്പിയും ഉപയോഗിച്ചുള്ള പാലമാണ് നിർമിച്ചത്. എന്നാൽ വെള്ളം ഉയർന്നതോടെ പാലം മുങ്ങി. ഒഴുകിയെത്തിയ മാലിന്യങ്ങൾ പാലത്തിൽ കുടുങ്ങി ഒഴുക്ക് കുറഞ്ഞു.
തോട്ടപ്പള്ളി സ്പിൽവേയ്ക്ക് 40 ഷട്ടറാണ്. ഇതിൽ കേടായ ഒരു ഷട്ടർ ഒഴികെ ബാക്കി 39 എണ്ണത്തിലൂടെയും വെള്ളം ഒഴുകേണ്ടതാണ്. എന്നാൽ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കെട്ടിനിന്നതോടെ പ്രശ്‌നങ്ങൾ രൂക്ഷമായി. കിഴക്കൻവെള്ളത്തിനൊപ്പം വൻതോതിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യവും എത്തിയതോടെ 20 ഷട്ടറിൽ ഒഴുക്ക് നിലച്ചു. ബാക്കി ഷട്ടറുകൾവഴി വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഒഴുക്കുണ്ടായിരുന്നത്. പ്ലാസ്റ്റിക് മാലിന്യവും മരത്തടികളും ജെ.സി.ബി എത്തിച്ച് ഷട്ടറുകൾ വഴി തള്ളിക്കടത്താനുള്ള ശ്രമവും ഫലവത്തായില്ല. ഷട്ടർവഴി മാലിന്യങ്ങൾ തള്ളിയതും സ്പിൽവേയ്ക്ക് വശങ്ങളിൽ അടിഞ്ഞു.
കിഴക്കൻ നദികളിൽ നിന്നുള്ള വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നത് ഇതുവഴിയാണ്. ഏതെങ്കിലും മേഖലയിൽ തടസ്സമുണ്ടായാൽ അത് കുട്ടനാട്ടിലെ വെള്ളക്കെട്ട് ആഘാതം രൂക്ഷമാക്കും. അതിനാലാണ് താൽക്കാലിക പാലം മുറിക്കാൻ തീരുമാനിച്ചത്. പാലം ഉയർത്തുകയും തടസ്സമുണ്ടാക്കിയ ഭാഗം മുറിക്കുകയും ചെയ്തു. പാലത്തിന് സമീപത്തെ പൊഴിയും മുറിക്കുന്നുണ്ട്. വീതി കൂട്ടി വെള്ളക്കെട്ട് കുറയ്ക്കാനായാണ് പൊഴി മുറിക്കുന്നത്. എന്നാൽ അശാസ്ത്രീയമായ രീതിയിലാണ് പൊഴി മുറിക്കൽ നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു. പൊഴിയിലെ 100 മീറ്റർ കുപ്പികഴുത്തിലൂടെയാണ് പമ്പയിലെയും മണിമലയാറ്റിലെയും അച്ചൻകോവിലാറിലെയും വെള്ളം ഒഴുകുന്നത്. വീതി കൂട്ടാതെ വെള്ളക്കെട്ട് ഒഴിവാക്കാനാകില്ലെന്നും അല്ലാത്തപക്ഷം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാകുമെന്നും ബിജെപി നേതാവ് സന്ദീപ് വചസ്പതി പറഞ്ഞു.
Content Highlights: Debris and temporary bridge construction blocked 20 spillway shutters., Efforts to clear plastics and logs using JCB were unsuccessful., Temporary bridge was cut and removed to restore water flow., Pozhi cutting is underway to expand water drainage capacity., Political concerns raised regarding the scientific nature of the drainage expansion.
Published: 05 Aug 2026, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented