മുംബൈ: മുംബൈ നഗരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും മരങ്ങൾ വീണുള്ള നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും 200 മില്ലിമീറ്ററിലധികം മഴ ലഭിച്ചു. ഇത് നഗരത്തിലെ റോഡുകളെ വെള്ളത്തിനടിയിലാക്കുകയും റെയിൽ ഗതാഗത്തെ ബാധിക്കുകയും ചെയ്തു.

To advertise here,

ചൊവ്വാഴ്ച രാത്രി 8:30 നും ബുധനാഴ്ച രാവിലെ 5:30 നും ഇടയിൽ രാം മന്ദിർ, കൊളാബ, സാന്താക്രൂസ് എന്നീ മൂന്ന് സ്റ്റേഷനുകളിൽ അതിശക്തമായ മഴ രേഖപ്പെടുത്തി. ഇതിൽ രാം മന്ദിറിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (224 മി.മീ), കൊളാബയിൽ 218.5 മി.മീറ്ററും സാന്താക്രൂസിൽ 210.6 മി.മീറ്ററും മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ടതിനേക്കാൾ 13 ദിവസങ്ങൾക്ക് ശേഷമാണ് ഇത്തവണ മുംബൈയിൽ കാലവർഷം എത്തിയത്, ഇത് നഗരവാസികൾക്ക് കഠിനമായ ചൂടിൽ നിന്ന് ആശ്വാസം നൽകിയെങ്കിലും വെള്ളക്കെട്ടും അപകടങ്ങളും ജനജീവിതം ദുസ്സഹമാക്കി.

മഴയെത്തുടർന്ന് വിക്രോളി വെസ്റ്റിലെ ഒരു കെട്ടിടത്തിന് സമീപമുള്ള മതിൽ തകർന്നു വീണു. ജോഗേശ്വരി-വിക്രോളി ലിങ്ക് റോഡിലെ സൺ സിറ്റി കോംപ്ലക്‌സിന് സമീപമായിരുന്നു സംഭവം. മറ്റൊരു അപകടത്തിൽ ഒരു മരം കാറിന് മുകളിലേക്ക് വീണ് വാഹനം തകരുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു.

കനത്ത മഴ സെൻട്രൽ റെയിൽവേയുടെ ട്രാൻസ്-ഹാർബർ ലൈൻ സേവനങ്ങളെയും സാരമായി ബാധിച്ചു. തുർഭെക്കും കോപ്പർഖൈറാനെയ്ക്കും ഇടയിലുള്ള ട്രാക്ക് വെള്ളപ്പൊക്കത്തിൽ തകർന്നതിനെ തുടർന്ന് താനെക്കും വാഷിക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. റെയിൽപാത സുരക്ഷിതമല്ലെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് രാവിലെ തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർ വലിയ ബുദ്ധിമുട്ടിലായി. പിന്നീട് വേഗത നിയന്ത്രണങ്ങളോടെ ട്രാക്കുകൾ പ്രവർത്തനക്ഷമമാക്കി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.

നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടതായി ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചുവെങ്കിലും നിലവിൽ വെള്ളം ഇറങ്ങിയിട്ടുണ്ടെന്നും ഗതാഗതം സാധാരണ നിലയിലായെന്നും അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച മുംബൈയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ കനത്ത മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ സേനകൾ അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.