തിരുവനന്തപുരം: പാലോട് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പേരയം താളിക്കുന്ന് സ്വദേശിനി ഷീബ (45) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

To advertise here,

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള ആന്‍ ഫയര്‍ വര്‍ക്‌സിന്റെ പടക്കനിര്‍മാണ യൂണിറ്റിന് തീപിടിച്ചത്.  അപകടത്തില്‍ നിര്‍മാണശാലയിലെ നാല് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. ഷീബയുടെ നില ഗുരുതരമായിരുന്നു. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഷീബയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഓലപ്പടക്കത്തിന് തിരി കെട്ടിക്കൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്. ആംബുലൻസോ ഫയർ വാഹനങ്ങളോ കടന്നുപോകാത്ത സ്ഥലത്തായിരുന്നു അപകടം നടന്നത്. ഇതുമൂലം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ആന്‍ ഫയര്‍ വര്‍ക്‌സിന് ലൈസന്‍സ് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.