
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ഹാജർ ബുക്കിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് പരസ്പരം ഏറ്റുമുട്ടി കോൺഗ്രസ്-ബിജെപി കൗൺസിലർമാർ. വധശ്രമ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത ബിജെപി കൗൺസിലർ ആർ. സുഗതന് ഒപ്പിടുന്നതിനുവേണ്ടി ബിജെപി കൗൺസിലർമാർ ഹാജർ ബുക്ക് മാറ്റിവെക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് യോഗത്തിൽ പ്രതിഷേധം തുടങ്ങിയത്.
ഇത് അനുവദിക്കില്ല എന്നുപറഞ്ഞ് കോൺഗ്രസ് കൗൺസിലർമാർ ഹാജർ ബുക്ക് പിടിച്ചുവാങ്ങി. പിന്നാലെ, കോൺഗ്രസ് അംഗങ്ങളുടെ കൈയിൽനിന്ന് ഹാജർ ബുക്ക് ബിജെപി പ്രവർത്തകർ പിടിച്ചുവാങ്ങി. ഇതോടെ ഇരു പാർട്ടിയുടെയും ജനപ്രതിനിധികൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമായി. ഇതിനിടെ ഡയസിനുമുകളിൽ വരെ കയറി നേതാക്കൾ പരസ്പരം പോരടിച്ചു.
ഉന്തും തള്ളും പതിയെ കൈയേറ്റത്തിലേക്ക് വഴിമാറി. കോൺഗ്രസിന്റെ വനിതാ കൗൺസിലർമാരെ ബിജെപി കൗൺസിർമാർ കൈയേറ്റം ചെയ്തു എന്നാരോപിച്ച് കെ.എസ്. ശബരീനാഥനടക്കമുള്ള നേതാക്കൾ പോർവിളി നടത്തി രംഗത്തെത്തി. ഇതിനിടെ പലരുടെയും വസ്ത്രങ്ങൾ കീറി, ഒരു ബിജെപി കൗൺസിലർ ശബരീനാഥനെ തല്ലാൻ ശ്രമിക്കുന്നതും അത് മറ്റൊരു വനിതാ കൗൺസിലറുടെ തലയിൽ കൊള്ളുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.
കോൺഗ്രസ് കൗൺസിലർമാർ ഹാജർ ബുക്ക് കൈയടക്കിവെക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടതെന്ന് ബിജെപി കൗൺസിലർമാർ ആരോപിച്ചു. അവരുടെ കൈയിൽനിന്നും ബുക്ക് തിരികെ വാങ്ങാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും അത് കൈയ്യാങ്കളിയിലേക്ക് കൊണ്ടുപോയത് കോൺഗ്രസ് കൗൺസിലർമാരാണെന്നും ബിജെപി കൗൺസിലർമാർ ആരോപിച്ചു.
പ്രതിപക്ഷ വനിതാ കൗൺസിലർമാരെ ബിജെപി കൗൺസിലർമാർ തള്ളിയിട്ടു എന്നും പരാതി. ചെമ്പഴന്തി ഉദയൻ മർദിച്ചുവെന്ന് കൗൺസിലർ ഷേർളി പരാതിപ്പെട്ടു. സ്ത്രീകളെ ആക്രമിച്ച ചെമ്പഴന്തി ഉദയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ശബരീനാഥൻ ഉദയൻ സംസ്‌കാരം ഇല്ലാതെ പെരുമാറുന്നുവെന്നും ആരോപിച്ചു.
ചെമ്പഴന്തി ഉദയന്റെ ലക്ഷ്യം മനഃപൂർവം രജിസ്റ്റർ ബുക്ക് കീറി കളയുക എന്നതായിരുന്നു എന്ന് ആരോപിച്ചും കൈയ്യേറ്റത്തിൽ പ്രതിഷേധിച്ചും ശബരീനാഥന്റെ നേതൃത്വത്തിൽ ചെമ്പഴന്തി ഉദയനെതിരെ കോർപറേഷൻ സെക്രട്ടറിക്ക് പരാതി നൽകി. മർദ്ദനമേറ്റ കൗൺസിലർ ഷേർളിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാലഞ്ചിറ കൗൺസിലർ ത്രേസ്യാമ്മയെയും ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ കോൺഗ്രസ് കൗൺസിലർമാരെ സന്ദർശിക്കാൻ വി ശിവൻകുട്ടി കോർപ്പറേഷനിൽ എത്തി. കോർപറേഷനിൽ നടന്നത് ഗുണ്ടാവിളയാട്ടമാണെന്നും തിരുവനന്തപുരം കോർപറേഷന്റെ ചരിത്രത്തിൽ ഇത്രയും സംഘർഷഭരിതമായ കാലമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ മറ്റുള്ളവരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു എന്നും വി. ശിവൻകുട്ടി പറഞ്ഞു.
അതേസമയം, കാപ്പയടക്കം ചുമത്തിയിട്ടുള്ള 50-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതനെ കൗൺസിലിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് എൽഡിഎഫ് കൗൺസിലർമാർ. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റ എൽഡിഎഫ് കൗൺസിലർമാരും കൗൺസിലിൽ എത്തി. പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷ കൗൺസിലർമാർ യോഗത്തിനെത്തിയത്.
തങ്ങൾ ആവശ്യപ്പെടുന്ന വിഷയം കൗൺസിലിൽ ചർച്ച ചെയ്യണമെന്ന് എൽഡിഎഫ് പാർലമെന്ററി നേതാവ് എസ്.പി. ദീപക് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ കൗൺസിലർമാർ വീൽചെയറിലടക്കം എത്തുന്ന കാഴ്ചകളടക്കം കൗൺസിൽ യോഗം തുടങ്ങുന്ന സമയത്ത് കണ്ടിരുന്നു. കോർപ്പറേഷൻ പരിസരത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
Content Highlights: Opposition demands resignation of BJP councillor R. Sugathan. LDF councillors attend meeting despite injuries from previous protests. Heavy police deployment at the Thiruvananthapuram Corporation premises. Clashes and slogan shouting reported within the council hall.
Published: 29 Jun 2026, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented