തൃശ്ശൂര്‍: പണ്ടൊന്നും ഇല്ലാത്തവിധം ഇത്തവണ തൃശ്ശൂർ പൂരത്തിന് പോലീസ് സേനയെ വിന്യസിച്ചുവെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർമേനോൻ. പൂരം നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നത്. പൂരം നിലച്ച് കാണണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് വ്യക്തികളുണ്ടെന്നും സുന്ദർമേനോൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,

പൂരവുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ ജില്ലാ ഭരണകൂടവും പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയതാണ്. പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി നേരത്തെ പറഞ്ഞതാണ്. അതിലെ പ്രധാന വിഷയം മഠത്തില്‍ വരവിനെക്കുറിച്ചായിരുന്നു. മഠത്തിലെ വരവ് രാത്രി വരുമ്പോള്‍ വെടിക്കെട്ടുമായി ബന്ധപ്പെട്ട സുരക്ഷ നടപടികളുടെ ഭാഗമായി എല്ലാ സ്ഥലങ്ങളും ബാരിക്കേഡുപയോഗിച്ച് ബ്ലോക്ക് ചെയ്യുകയാണ്. ഇതോടെ, ജനങ്ങള്‍ക്ക് അകത്തോട്ട് വരാനും പൂരം ആസ്വദിക്കാനും കഴിയാത്ത ഒരു രീതിയായി മാറിയിരിക്കുന്നു. ഒരു മണിക്കൂര്‍ വൈകിയും വെടിക്കെട്ട് നടത്താന്‍ തയ്യാറായിരുന്നു. എന്നാല്‍, ജനങ്ങള്‍ക്ക് അതെല്ലാം ആസ്വദിക്കാന്‍ കഴിയണം.

തൃശ്ശൂര്‍ പൂരത്തെക്കുറിച്ച് അറിയുന്ന ഉദ്യോഗസ്ഥര്‍ ഇവിടെ ഉണ്ടായിരുന്നു. അവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളില്ലാതെ  എങ്ങിനെ പൂരം നടത്തണമെന്ന് അറിയാം. നിലവിലെ കമ്മിഷണര്‍ കഴിഞ്ഞ വര്‍ഷം ആദ്യമായാണ് പൂരത്തിന് വന്നത്. അദ്ദേഹം ഒരുപാട് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. അദ്ദേഹം സൗഹൃദപരമായാണ് പ്രതികരിച്ചത്. എന്നാല്‍, പോലീസിനെ നിയന്ത്രിക്കാന്‍ ആളില്ലാത്ത അവസ്ഥയായിരുന്നു. പണ്ടൊന്നും ഇല്ലാത്ത രീതിയില്‍ സേനയെ തന്നെ വിന്യസിക്കുകയായിരുന്നു. 

സര്‍ക്കാരും മറ്റ് സർക്കാർ സംവിധാനങ്ങളും തങ്ങളോടൊപ്പം സഹകരിച്ചാല്‍ മാത്രകമാണ് പൂരം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. ദേവസ്വം ഭാരവാഹികള്‍ക്കെതിരെ ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായതായി പറഞ്ഞുകേട്ടു. വിളക്കു പിടിക്കുന്ന വാര്യരെ പോലീസ് മർദിക്കാൻ പോയതായും പറഞ്ഞുകേട്ടു. ഒരുപാട് ദൂരെ നിന്നും വരുന്നവരുണ്ട്. സ്ത്രീകളടക്കമുള്ളവരെ റൗണ്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ വഴിയില്‍ ശ്വാസം മുട്ടി നില്‍ക്കുകയായിരുന്നു. ഇക്കാര്യം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. 

ഇത്തരം സംഭവങ്ങൾക്ക് പിന്നില്‍ മറ്റ് നീക്കങ്ങളുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. എല്ലാ വര്‍ഷവും തൃശ്ശൂര്‍ പൂരം അടുക്കുമ്പോള്‍ ഇങ്ങനെ ഓരോ സംഭവങ്ങളുണ്ടാകുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പൂരം നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നത്. പൂരം നിലച്ച് കാണണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് വ്യക്തികളുണ്ട്. 

ദേവസ്വം പ്രസിഡന്റെന്ന തിരിച്ചറിയല്‍കാര്‍ഡുണ്ടായിട്ടും തനിക്കുപോലും മോശം അനുഭവമാണ് ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടായത്. പേര് പറഞ്ഞിട്ട് പോകാൻ പറഞ്ഞു. തിരിച്ചുകയറണമെങ്കില്‍ അറിയിക്കണണെന്നും പറഞ്ഞു. പിന്നെ എന്തിനാണ് പാസ് നല്‍കുന്നതെന്നും സുന്ദർമേനോൻ ചോദിച്ചു.