കടുത്തുരുത്തി: വീട്ടുകാരില്ലാത്ത സമയത്ത് അടുക്കളവാതില്‍ പൊളിച്ച് അകത്ത് കയറി മോഷണം. തുരുത്തിപ്പള്ളി കൂവേലി ചെമ്മലകുഴി മാത്യു തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒരു ഗ്രാം തങ്ക ആഭരണങ്ങളില്‍പ്പെട്ട രണ്ട് മാലകള്‍, അഞ്ച് വളകള്‍, ഒരു മോതിരം, 20 ദിര്‍ഹം, ഒരു കുപ്പി മദ്യം എന്നിവയാണ് മോഷണം പോയത്. ദുബായില്‍നിന്ന് മാത്യുവിന്റെ മകന്‍ ടോണി കഴിഞ്ഞദിവസം നാട്ടില്‍ വന്നിരുന്നു. തുടര്‍ന്ന് മാത്യു തോമസും ഭാര്യ സെലിനും ടോണിയും ഭാര്യയും മക്കളും സെലിന്റെ ബെംഗളൂരുവിലുള്ള സഹോദരിയെയും കുടുംബത്തെയും കാണുന്നതിനായി പോയ സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നത്. 

To advertise here,

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ഇവര്‍ വീട് പൂട്ടി ബെംഗളൂരുവിലേക്ക് പോയത്. കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30-ഓടെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. തുടര്‍ന്ന് കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അടുക്കള വാതിലിന്റെ അടിവശത്തെ പലക കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. 

കിടപ്പുമുറിയിലെ അലമാരയില്‍നിന്നാണ് സ്വര്‍ണാഭരണങ്ങളും വിദേശ കറന്‍സിയും കവര്‍ന്നത്. വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള ലാപ്ടോപ്പ്, ആപ്പിളിന്റെ വാച്ച്, രണ്ടായിരം രൂപ എന്നിവയൊന്നും മോഷ്ടാക്കള്‍ എടുത്തില്ല. പോര്‍ച്ചില്‍ കിടന്ന കാറിന്റെ താക്കോലും വീട്ടിലുണ്ടായിരുന്നു ഇതും നഷ്ടപ്പെട്ടില്ല. സി.സി.ടി.വി. ക്യാമറയില്ലാത്തതിനാല്‍ എന്നാണ് മോഷണം നടന്നതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. മോഷണം നടത്തി മടങ്ങുന്നതിന് മുമ്പായി വീട്ടില്‍നിന്ന് മുളക് പൊടിയെടുത്ത് വാരി വിതറിയിരുന്നു. ദൂരെയാത്ര പോകുന്നതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ അടുത്ത ബന്ധുവിന്റെ വീട്ടില്‍ ഏല്‍പ്പിച്ചിട്ടാണ് വീട്ടുകാര്‍ പോയത്. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. കുറുവാസംഘത്തിന്റെ ഭീതിയില്‍ ജനങ്ങള്‍ ഭീതിയിലായിരിക്കെയാണ് ഇവിടെ വാതില്‍ പൊളിച്ച് മോഷണം നടത്തിയിരിക്കുന്നത്.