
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനെതിരേ ജനങ്ങളുടെ പോരാട്ടവീര്യം ഉയര്‍ത്തേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതില്‍ പത്രങ്ങളുടെ പങ്ക് നിര്‍ണായകമാണ്. പത്രങ്ങള്‍ക്കു വിപുലമായ വിശ്വാസ്യതയുണ്ടെന്നും ധാരാളം ജനങ്ങള്‍ വിവരങ്ങള്‍ക്ക് ആശ്രയിക്കുന്ന പ്രാദേശിക പേജുകളിലൂടെ കൊറോണയ്‌ക്കെതിരേയുള്ള ബോധവത്കരണം നടത്തണമെന്നും മോദി പറഞ്ഞു. കൊറോണയ്‌ക്കെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ പങ്കിനെ അദ്ദേഹം ശ്ലാഘിക്കുകയും ചെയ്തു.
രാജ്യത്തെ അച്ചടിമാധ്യമ പ്രവര്‍ത്തകരുമായി ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ സംവാദത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാജ്യവ്യാപകമായി 20 അച്ചടിമാധ്യമ പ്രവര്‍ത്തകരുമായാണ് അദ്ദേഹം ചര്‍ച്ചനടത്തിയത്.
രാജ്യത്തിന്റെ മുക്കിലും മൂലയിലും വിവരങ്ങള്‍ എത്തിക്കുന്നതിലും കൊറോണക്കെതിരേ പോരാടുന്നതിലും ശരിയായ വിവരം താഴെത്തട്ടില്‍ എത്തിക്കുന്നതിലും മാധ്യമങ്ങളുടെ പങ്ക് പ്രധാനമാണ്. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ടത് പ്രധാനമാണ്. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലെ പാലമായി പത്രങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
മാധ്യമങ്ങള്‍ക്ക് തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ നടപടി -മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണബാധയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ മാധ്യമ മേധാവികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.
അവശ്യസര്‍വീസ് എന്നനിലയ്ക്കാണ് മാധ്യമങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത്. എന്നാലിത് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ചിന്ത ജനങ്ങള്‍ക്കുണ്ടാകാന്‍ പാടില്ല. ചാനലുകള്‍ മൈക്കുകള്‍ അണുവിമുക്തമാണെന്ന് ഉറപ്പാക്കണം. റിപ്പോര്‍ട്ടിങ്ങിന് പോകുമ്പോള്‍ വലിയ സംഘത്തെ ഒഴിവാക്കുക. പത്രവിതരണത്തിലും ശ്രദ്ധിക്കണം. പത്രങ്ങളില്‍ പരസ്യനോട്ടീസുകള്‍വെച്ച് വിതരണംചെയ്യുന്നത് കര്‍ശനമായി ഒഴിവാക്കണം.
പോസിറ്റീവ് വാര്‍ത്തകള്‍ക്ക് പ്രാധാന്യംനല്‍കണം. ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടേണ്ട സമയമല്ലിത്. അടിസ്ഥാനരഹിതകാര്യങ്ങളും വ്യാജവാര്‍ത്തകളും പടരാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാകാതെ ശ്രദ്ധിക്കും. മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കും. സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടായാല്‍ അത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തണം.
കൊറോണയെ നേരിടുന്ന കാര്യത്തില്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മാധ്യമമേധാവികള്‍ അറിയിച്ചു.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഒരുക്കിയത്.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ എന്നിവരും പങ്കെടുത്തു.
പത്രങ്ങള്‍ക്കെതിരേ വ്യാജ പ്രചാരണം -ജാവഡേക്കര്‍
ന്യൂഡല്‍ഹി: പത്രങ്ങള്‍ കൈകൊണ്ട് തൊട്ടാല്‍ കൊറോണ പകരുമെന്ന പ്രചാരണത്തിനെതിരേ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവഡേക്കര്‍. ചൊവ്വാഴ്ച വൈകീട്ട് ട്വിറ്ററിലാണ് മന്ത്രി പ്രതികരിച്ചത്.''പത്രങ്ങള്‍ വായിച്ചാല്‍ കൊറോണ പടരുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്. പത്രവായനയായാലും ഏതു പ്രവൃത്തിയായാലും അതിനുശേഷം സോപ്പുപയോഗിച്ച് കൈകഴുകണമെന്ന നിയമം പാലിച്ചാല്‍ മതി. പത്രങ്ങളിലൂടെയാണ് നമുക്ക് ശരിയായ വാര്‍ത്തകള്‍ ലഭിക്കുന്നത്'' -മന്ത്രി പറഞ്ഞു.
വ്യാജവാര്‍ത്തകള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടണം -എം.വി. ശ്രേയാംസ് കുമാര്‍
: പത്രത്തിലൂടെ രോഗബാധ പടരുമെന്ന തെറ്റായ പ്രചാരണം സാമൂഹികമാധ്യമങ്ങള്‍വഴി ചിലര്‍ നടത്തുന്നുണ്ടെന്ന് 'മാതൃഭൂമി' ജോയന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍. കൊറോണയെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും ജനങ്ങളെ കബളിപ്പിക്കുന്ന വ്യാജവാര്‍ത്തകളും വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ശരിയായ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാനുള്ള ഗൂഢശ്രമമാണ് ഇതിലൂടെ നടക്കുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ശരിയായ വാര്‍ത്തകളാണ് പത്രങ്ങളും ചാനലുകളും ജനങ്ങളിലെത്തിക്കുന്നത്. 'മാതൃഭൂമി' പത്രം അച്ചടിക്കുന്നതുമുതല്‍ വിതരണത്തിന് അയക്കുന്നതുവരെ മനുഷ്യസ്പര്‍ശമില്ലാതെ യന്ത്രസഹായത്തോടെയാണ്. പൂര്‍ണമായും അണുവിമുക്തമാക്കിയാണ് പത്രം വിതരണത്തിനെത്തിക്കുന്നത്. പത്രവിതരണം നടത്തുന്നവര്‍ക്ക് കൈയുറകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.
പ്രേക്ഷകര്‍ക്ക് സംശയങ്ങള്‍ ചോദിക്കാനും അത് മാറ്റാനുമുള്ള അവസരം എല്ലാദിവസവും 'മാതൃഭൂമി' ടെലിവിഷന്‍ ഒരുക്കുന്നുണ്ടെന്ന് മാതൃഭൂമി ന്യൂസ് ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞു
Content Highlight: Thanks to the press… Prime Minister and the Chief Minister
Published: 25 Mar 2020, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented