
തിരുവനന്തപുരം: പാര്‍ട്ടിയേയും മുന്നണിയേയും വെട്ടിലാക്കി ദല്ലാള്‍ നന്ദകുമാറിന്റേയും ശോഭാ സുരേന്ദ്രന്റേയും വെളിപ്പെടുത്തലില്‍ കുടുങ്ങിയ ഇ.പി ജയരാജന്‍ ഒടുവില്‍ നിയമ നടപടിക്ക്. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉണ്ടായതിന് പിന്നാലെയാണ് തന്നെ കുരുക്കിലാക്കിയ വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറിനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനുമെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോവമെന്ന നിലപാടിലാണ് ഇ.പി ജയരാജന്‍ എത്തിയിരിക്കുന്നത്. നിലവിലുണ്ടായ ഈ വിവാദത്തില്‍ നിന്ന് തലയൂരാന്‍ ഇത് മാത്രമാണ് വഴിയെന്ന സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കത്തിലേക്ക് ഇ.പിയെ പ്രേരിപ്പിച്ചത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയില്‍ പോലും പങ്കെടുക്കാതെ ടി.ജി നന്ദകുമാറിന്റെയടുത്തെത്തിയ ഇ.പി ജയരാജന്റെ നിലപാടില്‍ നേരത്തെ തന്ന സി.പി.എം നേതൃത്വത്തിന് അമര്‍ഷമുണ്ടായിരുന്നുവെങ്കിലും കാര്യമായ നടപടിക്കോ വിമര്‍ശനത്തിനോ ഇ.പി വിധേയനായിരുന്നില്ല. ഇതിന് പിന്നാലെ ഇതേ നന്ദകുമാറുമായി പല വിഷയത്തില്‍ ഇ.പി ജായരാജന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്തിരുന്നു. അവസാനമായി നന്ദകുമാറും ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായും തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന ഗുരുതരമായ ആരോപണം ഇ.പിക്കെതിരേ ഉയര്‍ന്നതോടെ പാര്‍ട്ടി വലിയ രീതിയില്‍ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. ഇതോടെയാണ് സെക്രട്ടേറിയറ്റ് യോഗം ചേരുകയും ഇ.പിക്കെതിരേ കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തത്.
പ്രത്യക്ഷത്തില്‍ ഇ.പിയെ തള്ളിപ്പറയാന്‍ നേതൃത്വം തയ്യാറായിട്ടില്ലെങ്കിലും വിവാദത്തില്‍ നിന്ന് തല്‍ക്കാലം തടിയൂരാന്‍ നിയമ നടപടിയുമായി മുന്നോട്ടുപോവണമന്ന് പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു. തനിക്കെതിരേ നടക്കുന്നത് ഗൂഢാലോചനയാണെന്നും സി.പി.എമ്മിനെ തകര്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമെന്നുമുള്ള ജയരാജന്റെ വാദത്തിന് വിശ്വാസ്യതയുണ്ടാവണമെങ്കില്‍ ഏറ്റവും കുറഞ്ഞത് ഒരു വക്കീല്‍ നോട്ടീസെങ്കിലുമയക്കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്.
ടി.ജി നന്ദകുമാറിനെതിരേ കേസ് ഫയല്‍ ചെയ്യാനും ശോഭ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയക്കാനുമാണ് നിലവില്‍ ധാരണയായിട്ടുള്ളതെന്നാണറിയുന്നത്. നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇ.പി ജയരാജനോട് കഴിഞ്ഞ ദിവസം ചേര്‍ന്ന് സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടിരുന്നു. ജയരാജനെ രക്ഷിക്കാന്‍ സി.പി.എം തനിക്കെതിരേ തിരിയുന്നുവന്ന് കണ്ട് കൂടുതല്‍ ആരോപണങ്ങളുമായി നന്ദകുമാര്‍ കഴിഞ്ഞദിവസം എത്തുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു. ഇതോടെ നന്ദകുമാര്‍-ജയരാജന്‍ വിവാദം മറ്റൊരു തലത്തിലേക്ക് കൂടി വഴി മാറുകയാണ്.
പാപിയോടൊപ്പം ശിവന്‍ ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്നതായിരുന്നു വിവാദത്തില്‍ തിരഞ്ഞടുപ്പ് ദിവസം മുഖ്യമന്ത്രിയുടെ പ്രസ്താവന. വോട്ടിങ്ങിനെ തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി തന്നെ പരസ്യ ശാസന നടത്തിയത് ഗുണമായെന്ന് പാര്‍ട്ടി കണക്ക്കൂട്ടിയിരുന്നുവെങ്കിലും ആ പാപി താനല്ലെന്നാണ് കഴിഞ്ഞ ദിവസം നന്ദകുമാര്‍ പറഞ്ഞത്. താന്‍ പാപിയായിരുന്നുവെങ്കില്‍ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ക്കായി തന്നെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ സമീപിക്കില്ലായിരുന്നുവന്ന ആരോപണവും നന്ദകുമാര്‍ ഉന്നയിച്ചു. മാത്രമല്ല ഇ.പി ജയരാജനെതിരേ കൂടുതല്‍ വെല്ലുവിളി നടത്തുകയും ചെയ്തു. ഈയൊരു സാഹചര്യത്തില്‍ നിയമ നടപടിയുമായി മുന്നോട്ടുപോവുമ്പോള്‍ വിഷയത്തില്‍ കൂടുതല്‍ പ്രതിരോധത്തിലാവുമോയെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഓരോ വിവാദത്തിനും പാര്‍ട്ടി മറുപടി പറയേണ്ടിയും വരും.
ജയരാജനെതിരേ തിടുക്കത്തില്‍ നടപടിയെടുത്താല്‍ സിപിഎം നേതാക്കളെ ബിജെപി ലക്ഷ്യമിട്ടെന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന വിലയിരുത്തല്‍ വരും. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരേ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുകയും ചെയ്യും. സി.പി.എം നേതൃത്വം. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയെന്ന് സി.പി.എം പറയുമ്പോള്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് തന്നെ ബിജെപി പ്രവേശന വിവാദത്തില്‍ നടപടി നേരിട്ടാല്‍ അത് കോണ്‍ഗ്രസ് നേതൃത്വം ആയുധമാക്കുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. ഇതോടെയാണ് നന്ദകുമാറിനെ തള്ളിപ്പറഞ്ഞ് തല്‍ക്കാലം നിയമ നടപടിയെന്ന നിലയിലേക്ക് പോവാന്‍ സി.പി.എം നിര്‍ദേശിച്ചത്.
എല്‍.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ ജയരാജന്‍ വേണ്ടത്ര സജീവമെല്ലെന്ന ആക്ഷേപം മുന്നണിക്കുള്ളില്‍ നേരത്തെതന്നെയുണ്ട്. ഇതിന് പുറമെയാണ് മുന്നണിയെ തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ ജയരാജന്‍ വിവാദങ്ങള്‍ക്ക് തലവെച്ച് കൊടുക്കുന്നതെന്ന് നേതാക്കള്‍ തന്നെ പറയുന്നു. രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ടുള്ള വിവാദം, ദല്ലാള്‍ നന്ദകുമാറുമായുള്ള കൂടിക്കാഴ്ച, ഇപ്പോള്‍ ഉയര്‍ന്നുവന്ന ജാവഡേക്കര്‍ വിവാദം, ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ എന്നിവയെല്ലാം ഒന്നിനുപുറമെ ഒന്നായി ഇ.പി ജയരാജനെതിരേ വന്നത്.
ഇതിലൊന്നും നേതൃത്വം മിണ്ടിയിരുന്നില്ലെങ്കിലും ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ പരസ്യപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നതോടെയാണ് ഇ.പിക്കെതിരേ നടപടിയുണ്ടായേക്കുമെന്ന സാഹചര്യം ഉടലെടുത്തത്. ഇതിന് പിന്നാലെ മുന്നണിയിലെ മറ്റുചില നേതാക്കളും മുഖ്യമന്ത്രിയുടെ പ്രതികരണം ഏറ്റുപിടിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പിന് ശേഷം സെക്രട്ടേറിയേറ്റ് കൂടിയെങ്കിലും ഒരു തരത്തിലുള്ള നടപടിയിലേക്കും പാര്‍ട്ടി പോയതുമില്ല. പകരം ദല്ലാല്‍ നന്ദകുമാറുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഇ.പിയോട് ആവശ്യപ്പെടുക മാത്രം ചെയ്തു.
പാര്‍ട്ടിക്കുള്ളില്‍ നിന്നും മുന്നണിക്കുള്ളില്‍ നിന്നും ഇ.പിക്കെതിരേ കടുത്ത് വിമര്‍ശനം ഉയര്‍ന്നതോടെ നേതൃത്വത്തിന് കടുത്ത സമ്മര്‍ദവുമുണ്ട്. സി.പി.ഐ അടക്കം പരസ്യമായി രംഗത്ത് വരികയും ചെയ്തു. ഇതോടെ തിരഞ്ഞെടുപ്പിന് ശേഷം മുന്നണി പദവിയില്‍ നിന്ന് ഒഴിവാക്കുന്നതടക്കമുള്ള നടപടിയിലേക്ക് പോവാന്‍ സാധ്യയുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
Content Highlights: tg nandhakumar ep jayarajan controversy
Published: 30 Apr 2024, 11:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented