
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടതിലെ കാരണങ്ങളെക്കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍. അമിട്ടുപോലുള്ള സ്‌ഫോടകവസ്തുക്കള്‍ ക്ഷേത്രപരിസരത്ത് പൊട്ടിച്ചതാണ് ആനയെ പ്രകോപിപ്പിച്ചതെന്ന് സംസാരമുണ്ട്. എന്നാല്‍, ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്നെത്തിച്ച പീതാംബരന്‍ എന്ന ആനയുടെ കുറുമ്പാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് മറ്റുചിലര്‍ പറയുന്നു.
കുറുവങ്ങാട് ശിവക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന താലപ്പൊലി എഴുന്നള്ളത്തിന് പീതാംബരന്‍ വലത്തുഭാഗത്തും ഗോകുല്‍ ഇടതുഭാഗത്തുമായിട്ടായിരുന്നു നിലയുറപ്പിച്ചത്. പീതാംബരന്‍ ദേവിയുടെയും ഗോകുല്‍ പരദേവതയുടെയും തിടമ്പുകളാണ് ഏറ്റിയത്. തന്റെ തൊട്ടുമുന്നില്‍ മറ്റാനകള്‍ നിന്നാല്‍ ഇടയുന്ന പ്രകൃതമാണ് പീതംബരനെന്ന് പൊതുവേ പറയുന്നുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
പീതാംബരന്‍ ഗോകുലിനെ കുത്തിയപ്പോള്‍, പ്രാണരക്ഷാര്‍ഥം ഗോകുലും ഇടയുകയായിരുന്നു. ഇരു ആനകളും കൊമ്പുകോര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കാണുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ആനകളുടെ മല്‍പ്പിടിത്തത്തിനിടയില്‍ തൊട്ടടുത്ത പഴയ ഓഫീസ് കെട്ടിടത്തിലേക്ക് ഗോകുല്‍ ചാഞ്ഞതോടെ കെട്ടിടം നിലംപൊത്തി. കെട്ടിടത്തിന്റെ ചുമരുകള്‍ക്കും കെട്ടിടാവശിഷ്ടങ്ങള്‍ക്കും ഉള്ളില്‍പ്പെട്ടാണ് മൂന്നുപേര്‍ മരിച്ചതും ഒരുപാടുപേര്‍ക്ക് പരിക്കേറ്റതും. രണ്ടു ആനകളുടെയും ഇടയില്‍പ്പെട്ട സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ അദ്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യവുമുണ്ട്. തുടര്‍ന്ന്, രണ്ടാനകളും ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തേക്കാണ് ഓടിപ്പോയത്. റോഡിലെത്തിയപ്പോള്‍ രണ്ടാനകളും വഴിമാറി സഞ്ചരിക്കുകയുംചെയ്തു.
ഈ സമയത്തൊക്കെ പിഞ്ചുകുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രത്തിലേക്ക് വരുന്നുണ്ടായിരുന്നു. അവരെയാരെയും ആനകള്‍ ഉപദ്രവിച്ചില്ല. അരമണിക്കൂറിനുള്ളില്‍ത്തന്നെ രണ്ടാനകളെയും തളയ്ക്കാനായത് അപകടത്തിന്റെ ആഘാതംകുറച്ചു. ഈസമയം കാട്ടുവയല്‍, അണേല ഭാഗങ്ങളില്‍നിന്നുള്ള രണ്ട് ആഘോഷവരവുകളും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുകയായിരുന്നു.
ക്ഷേത്രക്കെട്ടിനുള്ളില്‍ ഈ ആഘോഷവരവുകള്‍കൂടി എത്തുന്നതോടെ ക്ഷേത്രപരിസരം ജനനിബിഡമാകും. വരവുകള്‍ എത്തുന്നതിനുമുന്‍പേ ആനകള്‍ ക്ഷേത്രപരിസരംവിട്ട് ഓടിയതിനാല്‍ ദുരന്തത്തിന്റെ ആഘാതംകുറച്ചു. ഓരോ വരവുകളിലും നൂറുകണക്കിനാളുകളാണ് പങ്കാളികളാവുക. വരവുസംഘങ്ങളിലെ മേളക്കാരും വിവിധ വേഷങ്ങള്‍ കെട്ടിയവരും ഓടിരക്ഷപ്പെട്ടു.
കതിനവെടി കേട്ടതോടെയാണ് ആന ഇടഞ്ഞതെന്ന അഭിപ്രായത്തെ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി.സി. ബിജു അംഗീകരിക്കുന്നില്ല. നേരത്തേ കതിനപൊട്ടിയപ്പോള്‍ ആനയ്ക്ക് ഭാവവ്യത്യാസമുണ്ടായിരുന്നില്ലെന്ന് ക്ഷേത്രഭാരവാഹികളും പറഞ്ഞു. മാത്രമല്ല, വരവുസംഘങ്ങളും ആനകള്‍ നിന്ന സ്ഥലവും തമ്മില്‍ നൂറുമീറ്ററിലേറെ ദൂരമുണ്ടായിരുന്നതായി ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ എല്‍.ഡി. ഷിനിത്ത് പറഞ്ഞു. തന്റെ മുന്നിലേക്ക് ഗോകുല്‍ കടക്കാന്‍ നോക്കിയപ്പോള്‍ പീതാംബരന്‍ എന്ന ആന തടയുന്നത് വീഡിയോദൃശ്യങ്ങളില്‍ കാണുന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് അടച്ചിട്ട ക്ഷേത്രം വെള്ളിയാഴ്ച സന്ധ്യയോടെ പുണ്യാഹം നടത്തി തുറന്നുകൊടുത്തു.
അപകടങ്ങള്‍ വിട്ടൊഴിയാതെ ഗോകുല്‍
തൃശ്ശൂര്‍: ആനക്കോട്ടയിലെ ഒറ്റക്കൊമ്പനാണ് ഗോകുല്‍ എന്ന 38 വയസ്സുള്ള ആന. പത്തുവര്‍ഷംമുന്‍പ് തെങ്ങ് വീണാണ് വലതുകൊമ്പ് പൊട്ടിപ്പോയത്. പൂരങ്ങള്‍ക്ക് കൊമ്പ് പിടിപ്പിച്ചാണ് പോകുന്നത്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ആനയോട്ടത്തിനിടെ ശ്രീകൃഷ്ണന്‍ എന്ന കൊമ്പന്‍ ഗോകുലിനെ കുത്തിമറിച്ചിട്ടിരുന്നു. ആനയോട്ടത്തില്‍ മുന്‍നിരയിലെത്താറുള്ള ഗോകുല്‍, ആനക്കോട്ടയിലെ നന്ദന്‍, ഇന്ദ്രസെന്‍ തുടങ്ങിയ ആനകള്‍ കഴിഞ്ഞാല്‍ രണ്ടാംനിരയിലെ പേരുകേട്ട ആനയാണ്.

60,000 രൂപയാണ് ഏക്കത്തുകയെങ്കിലും ഒന്നരലക്ഷംരൂപവരെ നല്‍കി പൂരക്കമ്മിറ്റിക്കാര്‍ ഗോകുലിനെ കൊണ്ടുപോയിട്ടുണ്ട്. അടുത്തദിവസങ്ങളിലൊക്കെ വിവിധ ഉത്സവങ്ങള്‍ക്ക് ഗോകുലിനെയും പീതാംബരനെയും ബുക്ക്‌ചെയ്തിരുന്നു. വനംവകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ആനകളെ മാറ്റിനല്‍കുകയോ അടച്ച പണം തിരിച്ചേല്‍പ്പിക്കുകയോ ചെയ്യും.
Content Highlights: Kerala Temple Elephant Rampage: 3 Dead, Causes Investigated
Published: 15 Feb 2025, 06:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented