കണ്ണൂര്‍: വിവാദമായ വൈദേകം റിസോര്‍ട്ടിന് ആദായനികുതി വകുപ്പ് ടി.ഡി.എസ് വിഭാഗത്തിന്റെ നോട്ടീസ്. മാനേജര്‍ ഉള്‍പ്പടെയുള്ളവര്‍ വ്യാഴാഴ്ച കണ്ണൂര്‍ ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. ഇത് രണ്ടാം തവണയാണ് ടി.ഡി.എസ് വിഭാഗം റിസോര്‍ട്ടിന് നോട്ടീസ് നല്‍കുന്നത്. നേരത്തെ നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് എട്ടിന് വൈദേകം ജനറല്‍ മാനേജര്‍ ഓഫീസില്‍ ഹാജരായിരുന്നു. 

To advertise here,

ഇതിന് മുന്‍പ് ആദായ നികുതി വകുപ്പ് റിസോര്‍ട്ടില്‍ പരിശോധന നടത്തിയിരുന്നു. ടി.ഡി.എസ് വിഭാഗത്തിലേക്ക് നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചില പൊരുത്തക്കേടുകളുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അന്ന് പിടിച്ചെടുത്ത രേഖകളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.  

വൈദേകം റിസോർട്ടിൽ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ഭാര്യയും മകനും 91 ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നത്. വിഷയം വിവാദമായതിനെ തുടർന്ന് ഇവർ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ആദായനികുതി വകുപ്പിന്റെ അന്വേഷണം നോട്ടീസ് ലഭിച്ചിരിക്കുന്നത്.