
താനൂര്‍: താനൂരില്‍നിന്നു കാണാതായ രണ്ടു പെണ്‍കുട്ടികളും ശനിയാഴ്ച വീടുകളിലെത്തും. അവിശ്വസനീയമായ ഒരു സാഹസികയാത്രയില്‍ ഭാഗ്യംകൊണ്ടാണ് കുട്ടികള്‍ അപകടങ്ങളില്‍പ്പെടാതെ തിരികെയെത്തുന്നത്.
താനൂരിലെ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളായ കൂട്ടുകാരികള്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് വീട്ടില്‍നിന്നിറങ്ങിയത്. യാത്രചെയ്യാനുള്ള താത്പര്യംകൊണ്ടും മുടിമുറിച്ച് സ്‌റ്റൈലാകണമെന്ന ആഗ്രഹം വീട്ടുകാര്‍ അനുവദിക്കാത്തതുകൊണ്ടുമൊക്കെയാണ് യാത്രയ്ക്ക് ഇറങ്ങിയതെന്നാണ് കുട്ടികള്‍ പറഞ്ഞത്. പരീക്ഷയ്ക്ക് സ്‌കൂളിലേക്കെന്നു പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. ഒരാള്‍ക്കേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ. സ്‌ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതുന്ന കുട്ടി എത്താതായപ്പോള്‍ സ്‌കൂളില്‍നിന്നു വിളിച്ചപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്.
പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ അവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കോഴിക്കോട്ടായിരുന്നു. അതിനുശേഷം ഫോണ്‍ ഓണായില്ല. രണ്ടുപേരുടെയും നമ്പറിലേക്ക് അവസാനംവന്ന വിളി എടവണ്ണ സ്വദേശിയായ യുവാവിന്റെ നമ്പറില്‍നിന്നായിരുന്നു. ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായതാണ് ഇവര്‍. ഏതാനും മണിക്കൂറുകള്‍ക്കുശേഷം മുംബൈക്കടുത്ത് പന്‍വേലില്‍ യുവാവിന്റെ മൊബൈല്‍ ഓണായി. മൂവരും ഒരുമിച്ച് മുംബൈയിലേക്കാണ് യാത്ര എന്ന നിഗമനത്തിലെത്തി പോലീസ്.
Read More: പെൺകുട്ടികളുടെ കൈയിൽ ആകെ 205 രൂപ; സ്വര്‍ണം പണയംവെയ്ക്കുകയോ വില്‍ക്കുകയോ ചെയ്തതായി സൂചന
കേരള പോലീസ് അറിയച്ചതനുസരിച്ച് മുംബൈ പോലീസും അവിടത്തെ മലയാളി സമാജം പ്രവര്‍ത്തകരും മുസ്‌ലിം ജമാഅത്ത് പ്രവര്‍ത്തകരും വ്യാപകമായി അന്വേഷണം തുടങ്ങി. വൈകാതെ മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനടുത്ത് മലയാളിയായ ലൂസി നടത്തുന്ന ബ്യൂട്ടിപാര്‍ലറിലാണ് ഇവരുള്ളതെന്നു വ്യക്തമായി. പോലീസ് എത്തുമ്പോഴേക്കും കുട്ടികള്‍ അവിടെനിന്ന് ഇറങ്ങിയിരുന്നു. നീണ്ട മുടിയുണ്ടായിരുന്ന കുട്ടികള്‍ മുടി മുറിച്ചു, സ്ട്രെയിറ്റന്‍ ചെയ്തു, മുഖത്ത് കാര്യമായ പരിചരണങ്ങള്‍ നടത്തി. മൊബൈല്‍ ഉള്‍പ്പെടെയുള്ളവ കളവുപോയെന്നും മുംബൈയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നുമാണ് അവിടെ പറഞ്ഞത്. കുട്ടികളോട് സംസാരിച്ചത് അവിടെയുണ്ടായിരുന്ന മലയാളികളാണ്.
പന്‍വേലിലേക്കു പോകാനുള്ള വഴികള്‍ ചോദിച്ചിട്ടാണ് ബ്യൂട്ടിപാര്‍ലറില്‍നിന്ന് ഇറങ്ങിയത്. ഇതിനിടെ അവര്‍ പുതിയ സിം വാങ്ങുകയും അത് മാറ്റിയിടാനായി ഫോണ്‍ ഓണാക്കുകയും ചെയ്തപ്പോള്‍ വീണ്ടും മൊബൈല്‍ ലൊക്കേഷന്‍ കിട്ടി. കുട്ടികള്‍ തീവണ്ടിയിലാണെന്ന് പോലീസ് ഉറപ്പിച്ചു. വിവരം മുംബൈ പോലീസിനെ അറിയിച്ചതോടെ തീവണ്ടിയില്‍ കുട്ടികളെ കണ്ടെത്തി.
അര്‍ധരാത്രിതന്നെ രക്ഷിതാക്കളെ വിളിച്ച് വിവരമറിയിച്ചു. പുലര്‍ച്ചെ വനിതാ പോലീസ് ഉള്‍പ്പെടെയുള്ള താനൂര്‍ പോലീസ് സംഘം പുണെയിലേക്കു തിരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ കുട്ടികളെ ഏറ്റുവാങ്ങി.
വസ്ത്രങ്ങളുടെയും മറ്റും വ്യാപാരത്തില്‍ ഇടപെട്ട് മുംബൈയില്‍ നല്ല പരിചയമുള്ളയാളാണ് യുവാവ്. കുട്ടികളുടെ നിര്‍ബന്ധംകൊണ്ടാണ് ഒപ്പം പോയതെന്നാണ് യുവാവ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, ഇത്രദൂരം യാത്രചെയ്യാനും സ്വര്‍ണം വില്‍ക്കാനും ബ്യൂട്ടിപാര്‍ലര്‍ കണ്ടെത്താനും പുതിയ സിംകാര്‍ഡ് വാങ്ങാനുമൊക്കെ ഇവര്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്.
ശനിയാഴ്ച നാട്ടിലെത്തിയാല്‍ കൗണ്‍സലിങ് നല്‍കാനും കുട്ടികളെ കൂടുതല്‍ സമ്മര്‍ദത്തില്‍പെടുത്താതിരിക്കാനുമാണ് പോലീസ് ശ്രദ്ധവെക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു.
താനൂര്‍ ഡിവൈ.എസ്.പി. പി. പ്രമോദ്, സി.ഐ. ജോണി ജെ. മറ്റം, എസ്.ഐ.മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: tanur missing girls return kerala saturday malappuram
Published: 08 Mar 2025, 07:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented