
കണ്ണൂർ: ‘‘മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റ് ഒന്നേമുക്കാൽ മണിക്കൂർ മുഴുവൻ കേട്ടു. സന്തോഷമേയുള്ളൂ. എത്രത്തോളം കഴിയുമെന്നത് വേറേ കാര്യം. ബജറ്റിനോട് പരിപൂർണമായി യോജിക്കുന്നു. എന്തെങ്കിലും കിട്ടാനൊന്നുമല്ല. ഇക്കാര്യം മുഖ്യമന്ത്രിയോട് പറയണം’. തന്നെ വന്നുകണ്ട സാംസ്കാരിക മന്ത്രി പി.സി.വിഷ്ണുനാഥിനോട് കഥാകൃത്ത് ടി.പത്മനാഭന്റെ നിർദേശം. ഖലീഫ ഉമറിന്റെ പിൻമുറക്കാർ എന്ന തന്റെ ലേഖനസമാഹാരം നൽകിയാണ് മന്ത്രിയായശേഷം ആദ്യമായെത്തിയ വിഷ്ണുനാഥിനെ പത്മനാഭൻ സ്വീകരിച്ചത്.
ഇത് അഞ്ചാം പതിപ്പാണെന്നും ആറാംപതിപ്പ് അച്ചടിച്ച് തീരാറായെന്നും പറഞ്ഞപ്പോൾ സന്തോഷം പങ്കിട്ട മന്ത്രിയോട് എഴുത്തുകാരൻ പറഞ്ഞു, ‘ഈ പുസ്തകത്തിൽ നിങ്ങളെക്കുറിച്ചും പരാമർശമുണ്ട്’. ആശ്ചര്യത്തോടെ നിന്ന മന്ത്രിയോട്, നല്ല കാര്യമാണ് നല്ല കാര്യമാണ് എന്ന് സമാധാനിപ്പിച്ചത് കൂട്ടച്ചിരിക്ക് വഴിവെച്ചു.
‘‘ജയ് ജവാൻ ജയ് കിസാൻ എന്ന ഭാഗത്താണ് പരാമർശം. കോൺഗ്രസിന്റെ ഭാവി നിങ്ങളുടെയാക്കെ കൈയിലാണ് എന്നാണ് പറയുന്നത്. എന്റെ പ്രതീക്ഷ സാധൂകരിക്കപ്പെടും എന്നുകരുതുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രിയെക്കുറിച്ചും പറയുന്നുണ്ട്. അദ്ദേഹത്തോടും പറഞ്ഞേക്ക് ഇങ്ങനൊരു കക്ഷി 16 കൊല്ലം മുൻപേ എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെന്ന്’’. ഇടയ്ക്ക് പത്മനാഭൻ മന്ത്രിയുടെ ചെവിയിൽ കാര്യമായെന്തോ സ്വകാര്യം പറഞ്ഞു.
തൊട്ടടുത്തുനിന്ന ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് കേട്ടെന്ന് തോന്നിയപ്പോൾ സ്വകാര്യമായിത്തന്നെ സൂക്ഷിക്കണമെന്ന് നിർദേശിച്ചു. പിന്നീട് സംസാരിച്ചപ്പോൾ 2016-ൽ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ തന്നെ വന്നുകണ്ട് സാഹിത്യ അക്കാദമി പ്രസിഡന്റാകാൻ നിർബന്ധിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം അനുസ്മരിച്ചു. താൻ വരില്ല. പക്ഷേ വലിയ ന്യായം പറഞ്ഞുനടക്കുന്ന സുന്ദരന്മാരൊക്കെ അവിടെ ക്യൂവിലുണ്ടാകുമെന്ന് പറഞ്ഞ് സ്വകാര്യം പറഞ്ഞ കാര്യം വീണ്ടും ഓർമ്മിപ്പിച്ചു.
ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള കോൺഗ്രസുകാരിൽ ഒരാളാണ് താനെന്ന് മന്ത്രിയെ ഓർമ്മിപ്പിച്ച ടി.പദ്മനാഭൻ, കോൺഗ്രസിലെ ന്യൂജെൻ ഖദറിടുന്നില്ലെന്ന് മാത്രമല്ല, ഖദറിനെ പുച്ഛിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെടുത്തി. ടി.ഒ.മോഹനൻ എം.എൽ.എ., നൗഷാദ് ബ്ലാത്തൂർ, ജോഷി കണ്ടത്തിൽ, എം.കെ.മോഹനൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Content Highlights: Renowned writer T. Padmanabhan expresses support for the latest state budget during Minister P.C. Vishnunath's visit.
Published: 21 Jun 2026, 09:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented