തിരുവനന്തപുരം: പ്രിയപ്പെട്ട എഴുത്തുകാരനായ എം.ടി.വാസുദേവൻനായരുടെ കഥകളായിരുന്നു സൂര്യ കൃഷ്ണമൂർത്തിയുടെ പിറന്നാൾ 'ആഡംബരം'. ജീവിതത്തിലെ ഏക ആഘോഷമായി അദ്ദേഹം കണ്ടതും പിറന്നാൾദിനത്തിലെ ഈ കഥാവായനയായിരുന്നു. ആഘോഷങ്ങൾ ഏതുമില്ലാതെ കടന്നുപോകുന്ന പിറന്നാൾദിനങ്ങളിൽ വർഷങ്ങളായി അദ്ദേഹം പിന്തുടർന്ന ശീലമായിരുന്നു ഈ വായന. 'ഓരോ കഥയിലും ഞാനുണ്ടെന്ന് തോന്നലാണ്. ജീവിതത്തിലെ ഏക ആഘോഷമായി കാണുന്നതും ഇതാണ്' -ഒരിക്കൽ സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.

To advertise here,

നാൽപ്പത്തേഴുവർഷത്തെ വ്യക്തിബന്ധമായിരുന്നു എം.ടി.യോടുള്ളത്. ആ ആത്മബന്ധമാണ് പിറന്നാൾദിനത്തിലെ കഥാവായനയ്ക്കു പിന്നിൽ. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അച്ഛനും സുഗതകുമാരിയും വൈക്കം മുഹമ്മദ് ബഷീറും എം.ടി.യുമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പൂർണമായി വായിച്ചിട്ടുള്ളത് വൈക്കം മുഹമ്മദ് ബഷീറിന്റെയും എം.ടി.യുടെയും പുസ്തകങ്ങൾ മാത്രമാണ്. 'എം.ടി.യുടെ സൃഷ്ടികളിൽ വാക്കുകൾക്കും വാചകങ്ങൾക്കും ഇടയിലുള്ള നിശ്ശബ്ദതയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ആ നിശ്ശബ്ദതയെ പലപ്പോഴും നാടകങ്ങളിൽ അനുകരിച്ചിട്ടുമുണ്ട്' എം.ടി. മരിച്ച സമയത്ത് അദ്ദേഹം പറഞ്ഞിരുന്നു.

ആദ്യമായി എഴുതിയ 'തമസോമാ ജ്യോതിർഗമയ' എന്ന തിരക്കഥയിലെ പിഴവുകൾ തിരുത്തുന്നതിനായാണ് ആദ്യമായി സൂര്യ കൃഷ്ണമൂർത്തി എം.ടി.യെ സമീപിച്ചത്. ഉജ്ജയിനിയിലേക്ക് എം.ടി.ക്കും ഒ.എൻ.വി.ക്കുമൊപ്പം നടത്തിയ യാത്രയിലെ രസകരമായ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.