പത്തനംതിട്ട: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന് ആദരാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. ഈ ഒരു മുഹൂർത്തവുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന ഒരച്ഛൻ എന്ന നിലയ്ക്കാണ് താൻ ഇവിടെ ഓടിയെത്തിയതെന്നും ആലിൻ ഷെറിൻ എന്ന കുഞ്ഞുമോൾക്ക് ഇനി ദൈവത്തിന്റെ മടിയിലാണ് സ്ഥാനമെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുശോചനവും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് കോയമ്പത്തൂരിലെ ശിവരാത്രി ചടങ്ങുകളിൽനിന്ന് പിന്തിരിഞ്ഞ് ഇവിടേക്കെത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
''അനിതര സാധാരണമായ ഒരു യാത്രയയപ്പ് എന്ന് പറയുമെങ്കിൽ പോലും ഈ കുഞ്ഞുമോൾ ഇന്ന് സത്യത്തിൽ യാത്രയാകുന്നില്ല എന്നുള്ളതാണ്. ഏറ്റവും മഹത്തരമായ ഒരു പ്രവർത്തനത്തിലൂടെ ആലിൻമോൾ എന്നും നാലോ അഞ്ചോ ജീവനകളിലൂടെ നിലനിൽക്കുന്നു. തിരുസന്നിധിയിൽ ദൈവത്തിന്റെ മടിയിൽ ആണ് ഇനി ഈ കുഞ്ഞുമോൾക്ക് ഇടമെന്ന് പറയുന്നത് നമുക്ക് സന്തോഷം തന്നെയാണ് പകർന്നു നൽകേണ്ടത്.
എനിക്ക് ഈ വിട ചൊല്ലലിൽ... ഏറ്റവും കൂടുതൽ... അങ്ങനെ അച്ഛന്മാർ ഉണ്ടാകും. എന്റെ ഭാര്യയെ പോലെ അമ്മമാരും ഉണ്ടാകും. ഈ ഒരു മുഹൂർത്തവുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന ഒരച്ഛൻ എന്നനിലയ്ക്കാണ് ഞാൻ ഓടിയെത്തിയിട്ടുള്ളത്.
ഇന്ന് മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലേക്ക് പാതിവഴി എത്തിയതാണ്. ബഹുമാന്യനായ പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് ശിവരാത്രിയുടെ ചടങ്ങുകളിൽ നിന്ന് പിന്തിരിഞ്ഞ് ഇവിടെ എത്തിയത്. ഇവിടെ എത്രയും വേഗം എത്തിച്ചേരാൻ അദ്ദേഹം നൽകിയ ഒരു നിർദ്ദേശം സ്വീകരിച്ചുകൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നിട്ടുള്ളത്. ഞാൻ അദ്ദേഹത്തിന്റെയും കൂടി അനുശോചനം രേഖപ്പെടുത്തുന്നു.ആലിൻമോൾ ഇനി ദൈവമാണ്. ആ ദൈവത്തിന്റെ ആരാധക വൃന്ദത്തിന് മുന്നിൽ അദ്ദേഹത്തിന്റെ പ്രാർഥന നിങ്ങളോടൊപ്പം ചേർക്കുന്നു.
ഇത് വലിയ സന്ദേശമാണ് നമ്മുടെ കൊച്ചുകേരളത്തിനും ഭാരതത്തിനും. ഇതിനു മുമ്പ് ഇങ്ങനെ എന്തെങ്കിലും നമുക്ക് കൂട്ടിച്ചേർക്കാവുന്ന ഒരു ചരിത്ര രചന നടന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഒന്നോ രണ്ടോ മുഹൂർത്തങ്ങളാണുള്ളത്. ഒരുപക്ഷേ ഡൽഹിയിലെ ആറ് വയസ്സ് പ്രായമായ ഒരു പെൺകുഞ്ഞും ഒഡീഷയിലെ 16 മാസം പ്രായമായ ജന്മേഷ് ലേങ്ക എന്ന് പറയുന്ന കുഞ്ഞുമോനുമാണ് ഇതുപോലെ ദൈവത്തിന്റെ സന്നിധിയിൽ പ്രത്യേക സ്ഥാനം ലഭിച്ചിട്ടുള്ളത്. ഈ കുഞ്ഞുമോളും നമ്മുടെയൊക്കെ കണ്ണുകളിലും മനസ്സിലും ഹൃദയത്തിലും ഒക്കെ നിത്യം വാഴും, വാഴണേ എന്ന് പ്രാർഥിച്ചുകൊണ്ട് നിങ്ങളോടൊപ്പം നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു'', സുരേഷ് ഗോപി പറഞ്ഞു.
മാതാപിതാക്കളുടെ ഹൃദയത്തിലെ നന്മയാണ് കുഞ്ഞ് ആലിന്റെ അമരത്വമെന്ന് മന്ത്രി വീണാ ജോർജ് അനുശോചനപ്രസംഗത്തിൽ പറഞ്ഞു. അവയവദാനവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനങ്ങൾ വളരെ വേഗത്തിലാണ് എടുത്തതെന്ന് മന്ത്രി അറിയിച്ചു. കുഞ്ഞിനെ നേരിട്ട് അറിയാത്തവർ പോലും ഈ നിസ്വാർത്ഥ സേവന വാർത്തയറിഞ്ഞ് മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ എത്തി. ഈ മാതാപിതാക്കളുടെ ഹൃദയത്തിലെ നന്മയാണ് കുഞ്ഞ് ആലിന്റെ അമരത്വം. ഒൻപതോ പത്തോ മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച ആ മാതാപിതാക്കളുടെ മുന്നിൽ ശിരസ്സ് നമിക്കുന്നതായും മന്ത്രി പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്‌കാരം. നിരവധിപേരാണ് ആലിനെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്.
Content Highlights: Union Minister Suresh Gopi honors Alin Sherin Abraham, Kerala`s youngest organ donor. Hear his heartfelt tribute and PM Modi`s condolences.
Published: 15 Feb 2026, 08:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented