തിരുവനന്തപുരം: ഓണസ്സദ്യ വിളമ്പിയും ഒപ്പമിരുന്ന് സദ്യയുണ്ടും ട്രാൻസ്‌ജെൻഡേഴ്‌സ് സംഘടിപ്പിച്ച ഓണാഘോഷത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിറംപകർന്നു. അവിട്ടദിനത്തിൽ പ്രതീക്ഷാ ഫൗണ്ടേഷൻ മുംബൈയും ലിബേർട്ടി ഫൗണ്ടേഷനും ചേർന്നു നടത്തിയ ഓണാഘോഷം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

To advertise here,

ട്രാൻസ്‌ജെൻഡറുകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരെന്ന് അദ്ദേഹം പറഞ്ഞു. ഇവർക്ക് ശസ്ത്രക്രിയ നടത്താനായുള്ള തുക സർക്കാർ സമയബന്ധിതമായി നൽകുന്നില്ല. എന്നാൽ, ഈ പ്രതിസന്ധി പരിഹരിക്കാനായി തന്റെ കൈയിൽനിന്നു പണം നൽകുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 

പ്രധാനമന്ത്രിയുടെ പിഎംഎവൈ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ മുഖ്യമന്ത്രി വിമുഖത കാട്ടുന്നു. അതേസമയം, സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ അർഹരായ ആളുകൾക്കാണോ വീടുകൾ ലഭിക്കുന്നതെന്നുള്ളത് പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓണാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികളും ഓണക്കോടി വിതരണവും നടത്തി. പ്രതീക്ഷാ ഫൗണ്ടേഷൻ മുംബൈ പ്രസിഡന്റ് കെ.ബി. ഉത്തംകുമാർ അധ്യക്ഷനായി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, റാണി മോഹൻദാസ്, ശശികുമാർ എന്നിവരും പങ്കെടുത്തു.