ന്യൂഡൽഹി: ഉത്തർപ്രദേശിലെ കൊട്ദ്വാറിലെ ദീപക് കുമാറിന് പിന്തുണയുമായി സുപ്രീം കോടതി അഭിഭാഷകർ. ജോൺ ബ്രിട്ടാസ് എംപിക്ക് പിന്നാലെ സുപ്രീം കോടതിയിലെ മുതിർന്ന ഇരുപതോളം അഭിഭാഷകർ ദീപകിന്റെ ജിംനേഷ്യത്തിൽ അംഗത്വമെടുത്തതായി ജോൺബ്രിട്ടാസ് ഫേസ്ബുക്കിൽ കൂടി അറിയിച്ചു.

To advertise here,

കൊട്ദ്വാറിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ ആക്രമണത്തിൽനിന്ന് വൃദ്ധനായ വസ്ത്രവ്യാപാരിയെ ദീപക് രക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ദീപകിന്റെ വരുമാന മാർഗമായിരുന്ന ജിമ്മിൽ എത്തുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായി കുറവുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദീപകിന് പിന്തുണയുമായി ഇപ്പോൾ സുപ്രീം കോടതി അഭിഭാഷകരും എത്തിയത്.

കൊട്ദ്വാറിലെ ജനങ്ങളിൽ ആർക്കെങ്കിലും ജിംനേഷ്യത്തിലെ വരിസംഖ്യ അടയ്ക്കാൻ പ്രയാസമുണ്ടെങ്കിൽ ആ തുക നൽകാനും സുപ്രീം കോടതി അഭിഭാഷകർ തീരുമാനിച്ചതായി ജോൺ ബ്രിട്ടാസ് അറിയിച്ചു. ദീപകിന് സൗജന്യ നിയമസഹായം നൽകാമെന്നും അവർ അറിയിച്ചതായി കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കൊട്ദ്വാറിലെ ‘മുഹമ്മദ്’ ദീപക് കുമാറിനെ കഴിഞ്ഞയാഴ്ച നേരിൽ പോയി കണ്ടതും കേരളത്തിന്റെ ആശംസകളും ഐകദാർഢ്യവും അറിയിച്ചതും പറഞ്ഞിരുന്നല്ലോ. അന്ന് ചൂണ്ടിക്കാട്ടിയ ഒരു കാര്യമായിരുന്നു ദീപകിന്റെ ഉപജീവനമാർഗമായ ജിംനേഷ്യത്തിൽ വരുന്നവരുടെ എണ്ണത്തിലുണ്ടായ കുറവ്. വയോധികനായ വാഖിൽ അഹമ്മദിനെ ഹിന്ദുത്വവാദികളിൽ നിന്ന് രക്ഷിച്ചത് ഇഷ്ടപ്പെടാത്തവർ നടത്തിയ വിദ്വേഷപ്രചാരണവും അതിക്രമവുമായിരുന്നു ഇതിന് കാരണം. നൂറിലധികം അംഗങ്ങളുണ്ടായിരുന്ന ജിംനേഷ്യത്തിൽ അന്ന് ഏഴോ എട്ടോ പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനെതിരെയുള്ള എന്റെ പ്രതിഷേധവും ദീപക്കിനോടുള്ള ഐകദാർഢ്യവുമായാണ് ഞാൻ അവിടെ വാർഷിക അംഗത്വം എടുത്തത്.

ഇപ്പോൾ സുപ്രീം കോടതിയിലെ 25 മുതിർന്ന അഭിഭാഷകർ ദീപകിന്റെ ജിംനേഷ്യത്തിൽ വാർഷിക അംഗത്വം എടുത്തിരിക്കുകയാണ്. അത് മാത്രമല്ല, കൊട്ദ്വാറിലെ ജനങ്ങളിൽ ആർക്കെങ്കിലും ജിംനേഷ്യത്തിലെ വരിസംഖ്യ അടയ്ക്കാൻ പ്രയാസമുണ്ടെങ്കിൽ ആ തുക നൽകാനും അവർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ദീപകിന് സൗജന്യ നിയമസഹായം നൽകാമെന്നും അവർ അറിയിച്ചു.

ആ മുതിർന്ന അഭിഭാഷകർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. അവരുടെ ഈ തീരുമാനത്തിന് പ്രേരണയാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷവും അഭിമാനവുമുണ്ട്. സുപ്രീം കോടതിയിലെ അഭിഭാഷകനായ പി.വി. ദിനേശാണ് ദീപക്കിനെ നേരിൽ കണ്ടതിനെക്കുറിച്ചും അവിടുത്തെ അവസ്ഥയെക്കുറിച്ചും ആദ്യം അന്വേഷിച്ചത്. അദ്ദേഹത്തിന് ഇത്രയധികം സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കുമെന്ന് ഞാൻ അന്ന് പ്രതീക്ഷിച്ചിരുന്നില്ല.

ഇതാണ് യഥാർത്ഥ ഇന്ത്യ; സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇന്ത്യ. വിദ്വേഷം പ്രചരിപ്പിക്കുന്നവർ ഭയപ്പെടുന്നതും ഈ ഒരുമയെയാണ്. ദീപക് കുമാർ ഇന്ന് ഒരുപാട് പേർക്ക് വലിയൊരു മാതൃകയാവുകയാണ്.