കൊച്ചി: സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ(സപ്ലൈകോ) റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് ആട്ട ഗുണനിലവാരമില്ലാത്താണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സപ്ലൈകോ വിജിലൻസ് ഓഫീസർ പി.എം. ജോസഫ് സജു. വ്യാജ പ്രചാരണം അടങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുചെയ്തവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊട്ടിച്ച് ഉപയോഗിച്ച ശേഷം പാക്കറ്റിൽ ബാക്കിയായി സൂക്ഷിച്ചിരുന്ന ആട്ട അരിച്ചെടുത്ത് അതിൽ പുഴുക്കളെ കണ്ടെത്തിയതായാണ് വീഡിയോയിൽ ആരോപിക്കുന്നത്. സപ്ലൈകോ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന വിഭാഗം ഇതേ ബാച്ചിൽപ്പെട്ട 'ആട്ട' പാക്കറ്റുകൾ പരിശോധിക്കുകയും ഗുണനിലവാരത്തിൽ തെല്ലും കുറവില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നതാണ്. ഒരു വർഷം മുൻപ് ഈ വീഡിയോ ശ്രദ്ധയിൽപെട്ടപ്പോൾ സപ്ലൈകോ വിശദീകരണം നൽകിയിരുന്നു. എന്നാൽ വീണ്ടും പല സാമൂഹിക മാധ്യമങ്ങളിലും ഇത് പ്രചരിക്കുന്ന സാഹചര്യത്തിൽ നടപടി ആവശ്യപ്പെട്ട് കോർപ്പറേഷൻ, വിജിലൻസ് വിങ്ങ് ഫ്ലയിങ് സ്ക്വാഡ് ഓഫീസർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
വീഡിയോയിൽ കാണിക്കുന്ന ആട്ടയുടെ കവറിൽ 2023 ഏപ്രിലിൽ തയ്യാറാക്കിയതാണ് എന്ന് കാണിക്കുന്നുണ്ട്. എന്നാൽ പ്രസ്തുത കവർ പൊട്ടിച്ച് ഉപയോഗിക്കാൻ തുടങ്ങിയ തീയതി പറയുന്നില്ല. പൊട്ടിച്ചശേഷം ബാക്കി വന്ന ആട്ട കേടുവരാത്തവിധം സുരക്ഷിതമായാണോ സൂക്ഷിച്ചതെന്നും വീഡിയോ തയ്യാറാക്കിയ തീയതിയും അവ്യക്തമാണ്.
സപ്ലൈകോയുടെ ഏതെങ്കിലും ഉത്പന്നത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ അതു വാങ്ങിയ ഔട്ട്ലെറ്റിലോ, സമീപത്തുള്ള ഡിപ്പോയിലോ, റീജിയണൽ ഓഫീസുകളിലോ അറിയിച്ചാൽ പരിഹാരം കാണുന്നതിനുള്ള ക്രമീകരണം നിലവിലുണ്ട്. വീഡിയോയിൽ കാണുന്ന പാക്കറ്റുമായി ബന്ധപ്പെട്ട് സപ്ലൈകോയ്ക്ക് ഔദ്യോഗികമായി ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങൾ വ്യാപകമായി ആശ്രയിക്കുന്ന സപ്ലൈകോയുടെ ഭക്ഷ്യവസ്തു വിതരണ ശൃംഖലയുടെ വിശ്വാസ്യത തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വിജിലൻസ് ഓഫീസർ പറഞ്ഞു.
ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് കേരള പോലീസ് ആക്ട് 2011, വകുപ്പ് 120(ഒ) ഉപവകുപ്പ് പ്രകാരം ഒരു വർഷം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ഗുണനിലവാരം ഉറപ്പാക്കുന്ന വിധം
പി.ഡി.എസ്. ആട്ട ലഭ്യമാക്കുന്നതിന് സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള മില്ലുകൾ അവരുടെ സ്വന്തം ലാബിലും എൻ.എ.ബി.എൽ. അക്രഡിറ്റഡ് ലാബുകളിലും പരിശോധന നടത്തിയ ശേഷമാണ് ഇവ വിതരണത്തിനെത്തിക്കുന്നത്.
സപ്ലൈകോയുടെ ഗുണനിലവാര വിഭാഗം മില്ലുകൾ പരിശോധിക്കുകയും ആട്ട സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ പരിശോധിക്കുകയും ചെയ്യുന്നു.
സപ്ലൈകോ റേഷൻ കട വഴി വിതരണം ചെയ്യുന്ന ആട്ടയിൽ കേടാകാതിരിക്കുന്നതിനുള്ള രാസവസ്തുക്കൾ ചേർക്കാത്തതിനാൽ, പാക്കറ്റ് പൊട്ടിച്ചശേഷം കാറ്റുകൊള്ളുന്ന രീതിയിൽ സൂക്ഷിച്ചാൽ കേടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പൊട്ടിച്ച ശേഷം വായു കടക്കാതെ സൂക്ഷിക്കണം.
സപ്ലൈകോ ഉത്പ്പന്നങ്ങളെക്കുറിച്ച് പരാതിയുണ്ടെങ്കിൽ 0484 2205165 എന്ന ഫോൺ നമ്പറിലും pio@supplycomail.com എന്ന ഇമെയിൽ വിലാസത്തിലും അറിയിക്കാം.
Content Highlights: Supplyco prepares for legal action on False propaganda about quality of 'Atta'
Published: 24 Jul 2024, 06:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented