മലപ്പുറം: സുന്നി ഐക്യം കാലഘട്ടത്തിന്റെ വലിയ അനിവാര്യതയാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രഖ്യാപനം സ്വാഗതംചെയ്ത് മുസ്‌ലിം ലീഗും ഇ.കെ. വിഭാഗം സമസ്തയും. സുന്നി ഐക്യത്തെക്കുറിച്ചുള്ള ചർച്ച സജീവമായതിൽ സന്തോഷമുണ്ടെന്നും ഈ നീക്കത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ’മാതൃഭൂമി’യോട് പറഞ്ഞു.

To advertise here,

സുന്നി സംഘടനകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭിന്നിച്ചുനിൽക്കുമ്പോഴുണ്ടാകുന്ന വിഷമങ്ങളും ബുദ്ധിമുട്ടും സുന്നി സമൂഹം ആവോളം അനുഭവിച്ചു. അതിൽനിന്ന് മോചനം കിട്ടുമെന്നത് എല്ലാവർക്കും സന്തോഷംപകരുന്ന കാര്യമാണ്. ഇരുവിഭാഗവും ആവശ്യപ്പെട്ടാൽ ഐക്യ ചർച്ചകൾക്ക് പാർട്ടിയും പാണക്കാട് കുടുംബവും രംഗത്തിറങ്ങുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

ഐക്യ ചർച്ചകൾക്ക് തുടർന്നും സന്നദ്ധമാണെന്ന കാന്തപുരത്തിന്റെ പരാമർശത്തെ സമസ്ത ഇ.കെ. വിഭാഗവും പിന്തുണച്ചു. ഐക്യം ആവശ്യമാണെന്നും മധ്യസ്ഥനെ ഇരുകൂട്ടരും ചേർന്ന് തീരുമാനിക്കുമെന്നും സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കവും വ്യക്തമാക്കി. സുന്നികൾക്കിടയിലെ ഐക്യം കേരള മുസ്‌ലിം സമുദായം കാത്തിരിക്കുന്ന ആഗ്രഹമാണെന്ന് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയും പറഞ്ഞു. 2018-ൽ തുടങ്ങിയ ചർച്ച തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ഇ.കെ. വിഭാഗവും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നേതൃത്വംനൽകുന്ന സമസ്ത എ.പി. വിഭാഗവും തമ്മിലുള്ള ഐക്യമാണ് വീണ്ടും സജീവ ചർച്ചയാകുന്നത്. രണ്ട് മതസംഘടനകൾ തമ്മിലുള്ള ഐക്യത്തിനപ്പുറം, വ്യത്യസ്ത മുന്നണികളെ പിന്തുണയ്ക്കുന്നവരുടെ യോജിപ്പ് എന്ന രാഷ്‌ട്രീയമാനംകൂടി ഇതിലുണ്ട്. നിലവിലെ സാഹചര്യത്തിൽ ഐക്യനീക്കം യു.ഡി.എഫിന് രാഷ്ട്രീയ നേട്ടമായേക്കും.

ലീഗ് ഉൾപ്പെടെ എല്ലാവരുമായും ഒന്നിച്ചുപോകണമെന്നാണ് ആഗ്രഹമെന്നും സുന്നി ഐക്യം അഭിലാഷമാണെന്നും കാന്തപുരം പറഞ്ഞതോടെയാണ് ഐക്യ ചർച്ചകൾ തുടങ്ങിയത്. സമസ്തയും ലീഗും അതിനോട് അനുകൂലമായി പ്രതികരിച്ചു. കാന്തപുരം വിഭാഗത്തിന്റെ കേരളയാത്രയിൽ ലീഗ് നേതാക്കളടക്കം പങ്കെടുത്തു. ഇതിനുപിന്നാലെയാണ് എട്ടിന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ ഐക്യത്തിനും സംഘടന വിട്ടുപോയവർ തിരിച്ചെത്തണമെന്നും ആഹ്വാനംചെയ്തത്. ഒരുപടികൂടി കടന്നാണ് ഐക്യം അനിവാര്യമാണെന്ന് ശനിയാഴ്‌ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കോട്ടയ്ക്കലിൽ പ്രഖ്യാപിച്ചത്.